ജിദ്ദ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവാസ ലോകത്തെ പ്രഥമ സംഘടനയായ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി ദേശീയ ലീഡേഴ്സ് മീറ്റിന് സമാപനം. ജിദ്ദ കറം ഹോട്ടലിലെ എം.സി. സുബൈർ ഹുദവി നഗറിൽ നടന്ന ദേശീയ ലീഡേഴ്സ് മീറ്റ് എസ്.എൻ.ഇ.സി സമിതിയംഗം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സമസ്തയുടെ പ്രവാസ ലോകത്തെ ഊന്നുവടിയാണ് എസ്.ഐ.സിയെന്നും സമസ്തയെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ആളുകൾ ഏത് പദ്ധതിയും പൂർത്തീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് സമസ്തയുടെ സാന്നിധ്യം മലയാളക്കരയിൽ വേണമെന്നതിനു തെളിവാണെന്നും മുഈനലി തങ്ങൾ പറഞ്ഞു.
ഓരോ കാലഘട്ടത്തിലും സമസ്ത ആ കാലഘട്ടത്തിനാവശ്യമായ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. നിലവിൽ സമസ്ത പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എൻ.ഇ.സി സമൂഹത്തിൽ പുതിയ പരിവർത്തനം സമ്മാനിക്കുമെന്നും പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.എം.സി. സുബൈർ ഹുദവി സ്മാരക വിഖായ അവാർഡ് വിതരണം, വിഖായ സേവനത്തിനു നേതൃത്വം നൽകിയ മക്ക, മദീന, ജിദ്ദ സെൻട്രൽ കമ്മിറ്റികൾക്കുള്ള അവാർഡ് വിതരണം എന്നിവയും തങ്ങൾ കൈമാറി.
ജിദ്ദ സെൻട്രൽ കമ്മിറ്റി ആതിഥേയത്വം വഹിച്ച നാഷനൽ കമ്മിറ്റി ലീഡേഴ്സ് മീറ്റിൽ ദേശീയ പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷനൽ കമ്മിറ്റിയുടെ അട്ടപ്പാടി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും മുഈനലി തങ്ങൾ നടത്തി.
രണ്ടാം സെഷനിൽ ഉസ്മാൻ എടത്തിൽ ആമുഖഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, റാഫി ഹുദവി, ബഷീർ ബാഖവി, അബൂബക്കർ താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.