റിയാദ്: സൗദി അറേബ്യയിൽ വിരുന്നെത്തിയ സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ഉജ്ജ്വല പരിസമാപ്തി. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന 76ാമത് സന്തോഷ് ട്രോഫി കലാശപ്പോരിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നവാഗതരായ മേഘാലയയെ തകർത്ത് കർണാടക വിജയം വരിച്ചപ്പോൾ സെമിയിലേതുപോലെ ഗാലറി ഒഴിഞ്ഞുകിടന്നില്ല. മലയാളികളടക്കം ധാരാളം ഫുട്ബാൾ പ്രേമികൾ കളി കാണാനെത്തി.
ബുധനാഴ്ച സെമി ഫൈനലുകൾ നടക്കുമ്പോൾ ഗാലറികൾ ഒഴിഞ്ഞനിലയിലായിരുന്നു. അത്തരമൊരു ശോചനീയാവസ്ഥ എന്തായാലും ഫൈനൽ ദിവസമുണ്ടായില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണികൾ ഒഴുകി. സംഘാടകരും ഇന്ത്യൻ എംബസിയും ഉണർന്നുപ്രവർത്തിക്കുകയും മാധ്യമങ്ങളടക്കം നല്ല വാർത്താപ്രചാരണം നൽകുകയും ചെയ്തത് ഫലം കണ്ടു. കാണികൾക്കെത്താൻ ബസ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തുകകൂടി ചെയ്തതോടെ സാധാരണക്കാർക്കും എത്താനായി. 82 വർഷം പഴക്കമുള്ള ഇന്ത്യയുടെ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ആദ്യ അന്താരാഷ്ട്ര വേദി സൗദി അറേബ്യൻ തലസ്ഥാനമായപ്പോൾ അതൊരു വേറിട്ട അനുഭവവുമായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചാമ്പ്യൻഷിപ്പ് സൗദിയിൽ നടക്കുന്നത്. ഫൈനൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മേഘാലയയുടെ വലകുലുക്കി കർണാടകയുടെ സുനിൽ കുമാർ ഗോൾവേട്ടക്ക് തുടക്കം കുറിച്ചു.
ഉണർന്നുകളിച്ച മേഘാലയയുടെ മുന്നേറ്റത്തെ തടഞ്ഞപ്പോൾ കർണാടകക്ക് ശക്തമായ വില കൊടുക്കേണ്ടിവന്നു. ഏഴാം മിനിറ്റിൽ തന്നെ പെനാൽറ്റി സ്കോർ ചെയ്ത് മേഘാലയ സമനില നേടി. പത്തൊൻപതാം മിനിറ്റിൽ കർണാടകയുടെ ശക്തമായ മുന്നേറ്റം ഫലം കണ്ടു. ബീകെ ഒറാമിന്റെ ഒരു തകർപ്പൻ ഷോട്ടിലൂടെ കർണാടക വീണ്ടും മുന്നിലെത്തി. മുപ്പതാം മിനിറ്റിൽ മേഘാലയയുടെ നല്ലൊരു നീക്കം കർണാടകയുടെ പ്രതിരോധത്തിൽ തട്ടി വിഫലമായി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കർണാടകക്ക് ലഭിച്ച ഒരു ഫ്രീ കിക്ക് റോബിൻ യാദവ് ലക്ഷ്യത്തിലെത്തിച്ചു, 3-1ന് പിരിഞ്ഞു. മത്സരം കാണാൻ സെമി ഫൈനലിനെ അപേക്ഷിച്ച് കൂടുതൽ ഫുട്ബാൾ പ്രേമികൾ എത്തിയിരുന്നു. ആവേശം പകരാൻ റിയാദ് ടാക്കീസ് ചെണ്ടമേളക്കാർ ഗാലറിയിൽ താളമേളം മുഴക്കി. രണ്ടാം പകുതിയിൽ മേഘാലയ കൂടുതൽ മെച്ചപ്പെട്ട കളി പുറത്തെടുത്തപ്പോൾ 60ാം മിനിറ്റിൽ ലഭിച്ച അനുകൂല കോർണറിനെ തുടർന്ന് രണ്ടാം ഗോൾ നേടി (3-2). 80, 81 മിനിറ്റുകളിൽ രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും മേഘാലയക്ക് ലക്ഷ്യം കാണാനായില്ല.
ഒരു സമനിലക്കുവേണ്ടിയുള്ള മേഘാലയയുടെ ശ്രമങ്ങൾ അവസാനഘട്ടംവരെ പുലർന്നില്ല. അന്തിമ വിസിൽ മുഴങ്ങുമ്പോൾ കർണാടകത്തിന്റെ കൂടെയായിരുന്നു മരുഭൂമിയിലെ സന്തോഷ് ട്രോഫി കിരീടം. അറബ് മണ്ണിൽ ഇന്ത്യൻ ഫുട്ബാളിന്റെ ആദ്യപരീക്ഷണത്തിന് മനോഹരമായ പരിസമാപ്തി.
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിഷേൽ, വൈസ് പ്രസിഡൻറ് ഇബ്രാഹിം അൽതാബ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചുബ്ബെ, വൈസ് പ്രസിഡൻറ് എൻ.എ. ഹാരിസ്, സെക്രട്ടറി ഡോ. ഷാജി പ്രഭാകർ എന്നിവർ ഫൈനൽ മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.