യാംബു: ഇസ്രായേലി അധിനിവേശ സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിന്റെ ഇരകളായ ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യ. ഈജിപ്തിലെ റഫ ക്രോസിങ്ങിലെ അൽ അരീഷ് വെയർ ഹൗസിൽ എത്തിച്ച സഹായ വസ്തുക്കൾ ഏറ്റുവാങ്ങി സൗദിയുടെ കെ.എസ്. റിലീഫിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ സംഘം ഗസ്സയിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു.
ഫലസ്തീൻ ദുരിതാശ്വാസ കാമ്പയിനിന്റെ ഭാഗമായി ദുരിതബാധിതർക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും താൽക്കാലിക വീട് നിർമാണ സാധനങ്ങളും അടങ്ങുന്ന വസ്തുക്കളാണ് നിരവധി ട്രക്കുകളിലായി ബുധനാഴ്ച ഗസ്സ മുനമ്പിൽ എത്തിച്ചത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിന്റെ (കെ.എസ്. റിലീഫ്) നേതൃത്വത്തിൽ ഇതുവരെ സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ 26 വിമാനങ്ങളിലായാണ് സാധന സാമഗ്രികൾ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിൽ എത്തിച്ചതും അവിടെനിന്ന് സൗകര്യപ്രദമായി റഫ അതിർത്തി കടത്തി ഗസ്സയിലേക്ക് ട്രക്കുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നതും. 25ാമത്തെ വിമാനത്തിൽ രണ്ട് ആംബുലൻസുകളടക്കമാണ് സഹായവസ്തുക്കൾ എത്തിച്ചത്.
ഗസ്സക്ക് നൽകാൻ സൗദി നിജപ്പെടുത്തിയ 20 ആംബുലൻസുകളിൽ അവസാനത്തേതാണ് ഇപ്പോൾ എത്തിച്ചത്.
വ്യാഴാഴ്ചയാണ് 26ാമത് വിമാനം മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും, താൽക്കാലിക വീട് നിർമാണത്തിനാവശ്യമായ സാമഗ്രികൾ ഉൾപ്പടെ 24 ടൺ വസ്തുക്കളുമായി അരീഷിലെത്തിലെത്തിയത്.
സൗദിയിൽ ഫലസ്തീൻ ജനതയെ സഹായിക്കാൻ ആരംഭിച്ച ജനകീയ കാമ്പയിന് വലിയ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. ഇതുവരെ 1,193,723 ലധികം ആളുകളിൽ നിന്നായി 555,479,716 റിയാൽ സംഭാവനയായി പിരിഞ്ഞുകിട്ടി.
‘സാഹിം’ (https://sahem.ksrelief.org) എന്ന പോർട്ടൽ വഴിയും അൽറാജ്ഹി ബാങ്കിലെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയുമാണ് സംഭാവനകൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.