റിയാദ്: ആഭ്യന്തര സംഘർഷം നടക്കുന്ന സുഡാനിൽ നിന്ന് ഇതുവരെ സൗദി അറേബ്യ ഒഴിപ്പിച്ചത് 356 പേരെ. ഇതിൽ 101 പേർ സൗദി പൗരന്മാരും ബാക്കിയുള്ളവർ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള 26 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാവിക, വ്യോമ മാർഗേനെ സൗദി ഒഴിപ്പിച്ചത്. ആഭ്യന്തര സംഘർഷം ഒഴിവാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തെ സൈനിക മേധാവി അബ്ദുൽ ഫത്താഹിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കമാന്റർ മുഹമ്മദ് ഹംദാന്റെയും സേനകൾ ചെവിക്കൊള്ളാതിരുന്ന സാഹചര്യത്തിലാണ് ഈദുൽ ഫിത്റിന്റെ പിറ്റേ ദിവസം മുതൽ സൗദി അറേബ്യ ഖാർത്തൂമിൽ നിന്ന് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
സൗദി ഒഴിപ്പിച്ച തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ മിക്ക രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥർ ജിദ്ദയിലെ നാവികത്താവളത്തിൽ എത്തിയിരുന്നു.
ഇതിനിടെ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കാറോടിച്ചു പോവുകയായിരുന്ന സുഡാനിലേ ഈജിപ്ത് എംബസിയിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് അറ്റാ ഷെ മുഹമ്മദ് അൽ-ഖർറാവി ഖാർത്തൂമിൽ വെടിയേറ്റ് മരിച്ചു. അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ വെടിയേറ്റാണ് ഈജിപ്ഷ്യൻ ഉദ്യോസ്ഥൻ കൊല്ലപ്പെട്ടതെന്നാണ് സൈന്യത്തിന്റെ ആരോപണം. ഖർറാവിയുടെ മരണത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം ഈജിപ്തിനെ അനുശോചനം അറിയിച്ചു.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥൻറെ മരണത്തിന് പിന്നാലെ സൗദി അറേബ്യയും യു.എസും നടത്തിയ നീക്കങ്ങളെ തുടർന്ന് യുദ്ധത്തിലേർപ്പെട്ട രണ്ട് സൈനിക വിഭാഗവും 72 മണിക്കൂർ വെടിനിർത്തലിന് സന്നദ്ധമായിട്ടുണ്ട്. ഈ അവസരമുപയോഗിച്ച് തങ്ങളുടെ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. തങ്ങൾ ഒഴിപ്പിച്ച വിവിധ രാജ്യങ്ങളിലെ പൗരന്മാരെ അവരവരുടെ രാജ്യത്ത് എത്തിക്കാൻ വേണ്ട എല്ലാ സഹായവും നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.