ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ജനകീയ സംഭാവന കാമ്പയിൻ ആരംഭിച്ചു

ജിദ്ദ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകുന്നതിനായി സൗദി അറേബ്യ ജനകീയ സംഭാവന കാമ്പയിൻ ആരംഭിച്ചു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ് ഡ് ആന്‍ഡ് റിലീഫ് സെന്ററിന് കീഴിൽ 'സാഹിം' പ്ലാറ്റ്‌ഫോമിലൂടെ (www.sahem.ksrelief.org) ആണ് സംഭാവനകൾ സ്വീകരിക്കുന്നത്. അൽ റാജ്‌ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ മുഖേനയും സംഭാവനകൾ അയക്കാം.

ആദ്യ സംഭാവനയായി സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകി. കാമ്പയിൻ ആരംഭിച്ച ഉടൻ തന്നെ ധാരാളം ആളുകളാണ് സംഭവനകളുമായി എത്തിയത്.

ഫലസ്തീൻ ജനത അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കാൻ രാജ്യത്തിൻറെ മാനുഷിക, വികസന പിന്തുണ എന്ന നിലയിൽ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ജനകീയ കാമ്പയിൻ ആരംഭിച്ചിരിക്കുന്നതെന്ന് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബിഅ അറിയിച്ചു. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകുന്നതിൽ ലോക രാജ്യങ്ങളിൽ സൗദി അറേബ്യ ഏറെ മുൻപന്തിയിലാണ്. ഫലസ്തീൻ സഹോദരങ്ങൾക്ക് ശാശ്വതവും അതിശയകരവുമായ പിന്തുണ നൽകിയതിന് രാജ്യത്തിൻറെ ഭരണാധികാരിക്കും കിരീടാവകാശിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്തെ ബിസിനസുകാരും പൗരന്മാരും വിദേശികളുമുൾപ്പെടെയുള്ളവർ സാഹിം പ്ലാറ്റ്‌ഫോം വഴിയോ പ്രഖ്യാപിത ബാങ്ക് അക്കൗണ്ടിലൂടെയോ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലൂടെയോ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫലസ്തീൻ സഹോദരങ്ങളെ സഹായിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും പണ്ഡിത കൗൺസിൽ അംഗം ശൈഖ് അബ്ദുല്ല അൽ മാനിയ അഭ്യർത്ഥിച്ചു. ഫലസ്തീൻ ജനതക്ക് വേണ്ടി ദാനം ചെയ്യുന്നതിലൂടെയും പ്രാർത്ഥിക്കുന്നതിലൂടെയും നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്. ഫലസ്തീനികൾക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. അവരുടെ പാദങ്ങളെ ശക്തിപ്പെടുത്താനും അവർ വിജയം നേടാനും പ്രാർത്ഥന അനിവാര്യമാണ്. ശാരീരികമായി സഹായിച്ചുകൊണ്ട് അവരോടൊപ്പം പങ്കുചേരാനുള്ള കഴിവ് നമുക്കില്ലെങ്കിൽ, നമ്മളാൽ കഴിയുന്ന പണം കൊണ്ടെങ്കിലും സഹായിക്കണം. കാരണം അവർ നമ്മുടെ സഹോദരന്മാരാണ്, അവരുടെ വീടുകൾ നമ്മുടെ വീടുകളാണ്, അവരുടെ വികാരങ്ങൾ നമ്മുടെ വികാരങ്ങളാണ് -ശൈഖ് അബ്ദുല്ല അൽ മാനിയ പറഞ്ഞു.

Tags:    
News Summary - Saudi Arabia has launched a public donation campaign to help the Palestinian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.