വിനോദ സഞ്ചാര രംഗത്ത് സൗദി അറേബ്യക്ക് വൻ മുന്നേറ്റം

യാംബു: ടൂറിസം രംഗത്ത് വൻകുതിപ്പ് പ്രകടമാക്കി സൗദി അറേബ്യ. വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ 'ജി-20'ലെ അംഗരാജ്യങ്ങളിൽ വിനോദസഞ്ചാര മികവ് പുലർത്തിയതിൽ ഒന്നാംസ്ഥാനത്താണ് സൗദി ഇപ്പോൾ. ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച രാജ്യവും 'ജി-20'ൽ സൗദിയാണെന്നത് ഇരട്ട നേട്ടമായി.

ടൂറിസം മേഖലയിലെ വിവിധ രംഗങ്ങളിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം സൗദിയാണെന്ന് ടൂറിസത്തിന്റെ ഉന്നമനത്തിനായി സ്‌പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ വേൾഡ് ടൂറിസം ഓർഗനൈസേഷൻ വ്യക്തമാക്കി. സൗദി ടൂറിസം മന്ത്രി അഹ്‌മദ്‌ അൽ-ഖതീബും കണക്കുകളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ ഭീതി നീങ്ങിയതിന് ശേഷം സൗദി ടൂറിസം മേഖല 14 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം വകുപ്പ് പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷമായപ്പോഴേക്ക് 121 ശതമാനമായി വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതായും ടൂറിസത്തിനായി വിദേശികൾ ചെലവഴിച്ച തുകയിലും വൻ വർധന രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

സൗദി ജി.ഡി.പിയുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയിൽനിന്നാണ്. സൗദിയിലെ പത്തിലൊന്ന് ജോലിയും ഇനി ടൂറിസം മേഖലയിലായിരിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ആഭ്യന്തര ടൂറിസത്തിലും ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദിയെന്നും ടൂറിസം വകുപ്പ് അവകാശപ്പെടുന്നു. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ടൂറിസം മേഖലയിലെ പ്രത്യേക ശ്രദ്ധയും സമയബന്ധിതമായ ആസൂത്രണ പദ്ധതികളും രാജ്യത്ത് വൻ കുതിപ്പിനിടയാക്കിയിട്ടുണ്ട്..


Tags:    
News Summary - Saudi Arabia has made great strides in the field of tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.