ജിദ്ദ: രാജ്യത്തുള്ള വിദേശികളുടെ ഇഖാമ ലെവി തവണകളായി അടക്കാനുള്ള സംവിധാനം നിലവിൽവന്നു. ഇതിനുള്ള സജ്ജീകരണം ബാങ്കുകൾ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു മാസത്തേക്കോ ആറുമാസത്തേക്കോ ഒമ്പതു മാസത്തേക്കോ ലെവി അടച്ച് അത്രയും കാലാവധിയിലേക്ക് ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് ഇത്. സൗദിയിലെ വിദേശികളുടെ വർക്ക് പെർമിറ്റ് ബന്ധിപ്പിച്ചിരിക്കുന്നത് ഇഖാമയുമായാണ്. ഓരോ വർഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതി. പ്രതിമാസം 800 റിയാൽ എന്ന തോതിൽ ഒരു വർഷത്തേക്ക് 9600 റിയാലാണ് ഓരോ തൊഴിലാളിയുടെയും ഇഖാമ പുതുക്കാൻ കമ്പനി സർക്കാറിൽ അടക്കേണ്ടത്. ഇതാണിപ്പോൾ തവണകളായി അടക്കാൻ സൗകര്യം ഒരുങ്ങുന്നത്.
വർക്ക് പെർമിറ്റ് ലെവി മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ ഒമ്പതു മാസത്തേക്കോ മാത്രമായി അടക്കാം. നൂറുകണക്കിന് ജീവനക്കാരുള്ള വൻകിട കമ്പനികൾക്ക് ഈ തീരുമാനം ഗുണകരമാകും. പിരിഞ്ഞുപോകാനുള്ള തൊഴിലാളിക്ക് സൗദിയിൽ നിൽക്കുന്ന കാലത്തേക്കു മാത്രമുള്ള ലെവിയടക്കാനും ഇതുവഴി സാധിക്കും. എന്നാൽ, ഹൗസ് ഡ്രൈവർ, ഗാർഹിക തസ്തികകളിലുള്ളവരുടെ ഇഖാമ ഈ സ്വഭാവത്തിൽ പുതുക്കാൻ സാധിക്കില്ല. ബാക്കിയുള്ള തസ്തികകൾക്ക് ഇതിെൻറ ഗുണം ലഭിക്കും.
സൗദിയിൽ പുതുതായി തുടങ്ങുന്ന കമ്പനികൾക്കും തവണകളായുള്ള ഫീസ് സാമ്പത്തികഭാരം കുറക്കാൻ തീരുമാനം സഹായിക്കും. ആശ്രിത വിസയിലുള്ള കുടുംബാംഗങ്ങൾക്കും ഇതുപയോഗപ്പെടുത്താനായേക്കുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.