സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ്​ ചുമതലയുമായി എത്തിയ മുസ്​ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ കല്ലായിയെ ദമ്മാമിൽ പ്രവർത്തകർ സ്വീകരിക്കുന്നു

സൗദി കെ.എം.സി.സി ദേശീയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്​ വെള്ളിയാഴ്​ച

ദമ്മാം: ഗൾഫ്​ രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി ഘടകം നേതൃത്വമാറ്റത്തിനൊരുങ്ങി. വെള്ളിയാഴ്ച മക്കയിൽ നടക്കുന്ന ദേശീയ കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്​ നടക്കും. അസ്വാരസ്യങ്ങളില്ലാതെ നേതൃ കൈമാറ്റം സാധ്യമാക്കാൻ മാതൃസംഘടനയായ മുസ്​ലീം ലീഗിന്റെ സംസ്ഥാന നേതാക്കൾ ദിവസങ്ങൾക്ക്​ മുന്നേ സൗദിയിലെത്തി ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്​.

പുതിയ മെമ്പർഷിപ്പ്​​ കാമ്പയിൻ പൂർത്തിയായപ്പോൾ അംഗങ്ങളുടെ എണ്ണം 55,000 ആയി. 38 പ്രവിശ്യാ സെൻട്രൽ കമ്മിറ്റികളുടെയും അവയ്​ക്ക്​ കീഴിൽ ജില്ലാകമ്മിറ്റികളുടേയും തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയാണ്​​ ദേശീയ തെരഞ്ഞെടുപ്പി​ലേക്ക്​ നീങ്ങുന്നത്​. 500 അംഗങ്ങൾക്ക്​ ഒരു കൗൺസിലർ എന്ന നിലയിൽ ഏകദേശം 110 കൗൺസിലർമാരായായിരിക്കും ദേശീയ ഘടകത്തിലുള്ളത്​. ഇവരാണ്​ തങ്ങളിൽനിന്ന്​​ പ്രധാന ഭാരവാഹികളെ കണ്ടെത്തുക.

16,000 അംഗങ്ങളുള്ള ജിദ്ദ സെൻട്രൽ കമ്മറ്റിക്കാണ്​ കൗൺസിലിൽ ആധിപത്യം കൂടുതൽ. 10,000 അംഗങ്ങളുമായി റിയാദും 7,500 അംഗങ്ങളുമായി ദമ്മാമും തൊട്ടുപുറകെയുണ്ട്​. കെ.എം.സി.സി സംഘടനാ രൂപത്തിൽ സൗദിയിൽ പ്രവർത്തിച്ചുതുടങ്ങി 40 വർഷം പൂർത്തിയാകുന്ന വേളയിൽ മുസ്​ലിം ലീഗ്​ തങ്ങളുടെ ഏറ്റവും ശക്തമായ പോഷക ഘടകമായി അതിനെ അംഗീകരിച്ചു എന്ന പ്രാധാന്യം കൂടി ഇപ്പോഴുണ്ട്​.

ലീഗ്​ സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തോടെയാണ്​ ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്​. കെ.എം.സി.സി രൂപവത്​കരണ കാലം മുതൽ മൂന്നര പതിറ്റാണ്ടോളം ഇതിന്​ നേതൃത്വം കൊടുത്ത കെ.പി. മുഹമ്മ്​ കുട്ടി ഇപ്പോൾ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനാണ്​. ഇനി അദ്ദേഹം കെ.എം.സി.സി നേതൃത്വത്തിൽ ഉണ്ടാവില്ല എന്ന്​ ഏതാണ്ട്​ ഉറപ്പായിട്ടുണ്ട്​. സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ദമ്മാമിൽനിന്നുള്ള എൻജിനീയർ ഹാഷിം ദീർഘകാലം ട്രഷർ പദവി വഹിച്ചിരുന്നു. ഏതാനും വർഷം മുമ്പ്​ അദ്ദേഹം മരിച്ചു.

2018 ൽ അന്നത്തെ ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ ഹൈദരലി തങ്ങൾ ഇടപെട്ട്​ അഷറഫ്​ വേങ്ങാട്ട്​​ പ്രസിഡൻറും ഖാദർ ചെങ്കള ജനറൽ സെക്രട്ടറിയുമായി ഒരു അഡ്​ഹോക്ക്​ കമ്മിറ്റിയുണ്ടാക്കി മെമ്പർഷിപ്പ്​​ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും കോവിഡ് മഹാമാരി​ വന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. ​നീണ്ട അഞ്ചുവർഷത്തിനിപ്പുറമാണ്​ ഇപ്പോൾ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​.

ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സൗദി കെ.എം.സി.സി തെരഞ്ഞെടുപ്പി​െൻറ മുഖ്യ ചുമതലക്കാരൻ കൂടിയായ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ കല്ലായി, ആബിദ്​ ഹുസൈൻ തങ്ങൾ എം.എൽ.എ, പി.എം.എ. സമീർ എന്നിവർ തെരഞ്ഞെടുപ്പ്​ പ്രക്രിയകൾക്കായി സൗദിയിലെത്തിയിട്ടുണ്ട്​​. ഇവർ മുഴുവൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച പൂർത്തിയാക്കി അഭിപ്രായങ്ങൾ സ്വരൂപിച്ചിട്ടുണ്ട്​. അതനുസരിച്ച്​ സമവായനീക്കത്തിലൂടെയുള്ള ഭാരവാഹി പ്രഖ്യാപനത്തിനാണ്​ സാധ്യത.

എന്നാൽ അസംതൃപ്തി ഇല്ലാതില്ല. മുറുമുറുപ്പുകളുണ്ട്​. പുകച്ചിലുകളുണ്ട്​. കാര്യമായി തന്നെ ഒരു വിഭാഗം അതൃപ്​തി ഏതാണ്ട്​ പരസ്യമാക്കി രംഗത്തുണ്ട്​. ഒരുകാലത്ത്​ കെ.എം.സി.സിയുടെ നേതൃത്വ സ്ഥാനത്തുണ്ടായിരുന്ന പലരും സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ പുറത്തായതാണ്​ പുകച്ചിലുകൾക്ക്​ കാരണം. എന്നാൽ ഇത്തരം പരാതികളെ അവഗണിക്കാനാണ്​ ഉന്നത നേതൃത്വത്തിന്റെ തീരുമാനം.

ജനാധിപത്യ രീതിയിൽ തന്നെ കീഴ്ഘടകങ്ങളിൽ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ്​ നേതൃത്വം കരുതുന്നത്​. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന്​ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്​. എന്തായാലും കെ.എം.സി.സിയുടെ നേതൃത്വത്തിൽ അടിമുടി ഒരു തലമുറമാറ്റം സംഭവിക്കുമെന്ന സൂചനകളാണ്​ പുറത്തുവരുന്നത്​.

പഴയ മുഖങ്ങൾ പലതും മാറി നിൽക്കുകയും യുവാക്കളുടെ പുതിയ നിര നേതൃത്വത്തിലേക്ക്​ എത്തുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം പ്രവർത്തന പരിചയമുള്ള പഴയ നേതാക്കളെ മാർഗദർശികളായി കമ്മിറ്റികളിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്​. ഏതായാലും പ്രവർത്തന ശൈലിയിലും രൂപത്തിലും നിരവധി മാറ്റങ്ങളുള്ള കെ.എം.സി.സിയായിരിക്കും പുതിയ പ്രവർത്തനകാല​യളവിലുണ്ടാവുക എന്ന വികാരമാണ്​ പല കോണുകളിൽനിന്നും പങ്ക​ുവെക്കപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.