റിയാദ്: തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ‘റിയാദ് ബസ്’സർവിസിന് തുടക്കം. ആദ്യഘട്ടമായി 15 റൂട്ടുകളിൽ 340 ബസ് സർവിസാണ് ഞായറാഴ്ച ആരംഭിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. പച്ചയും ക്രീമും നിറത്തിലുള്ള ഈ ബസുകൾ നിരത്തിലിറങ്ങിയതോടെ ഇതുവരെ സർവിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ (സാപ്റ്റ്കോ) ചുവന്ന ബസുകൾ പൂർണമായും ഒഴിവായി.
24 മണിക്കൂറും സർവിസുണ്ടാവും. പുലർച്ചെ 3.30ന് ആരംഭിക്കുന്ന സർവിസ് പിറ്റേന്ന് പുലർച്ചെ നാലുവരെയാണ്. രണ്ടുമണിക്കൂർ യാത്ര ചെയ്യാൻ നാലു റിയാലാണ് ടിക്കറ്റ് ചാർജ്. ബസിൽ കയറിയതുമുതൽ ഇറങ്ങുന്നതുവരെയുള്ള സമയമാണ് കണക്കാക്കുക. എന്നിട്ടും സമയം ബാക്കിയുണ്ടെങ്കിൽ അടുത്ത ബസിൽ യാത്ര തുടരാം. അതായത് നാല് റിയാലിന് രണ്ടുമണിക്കൂർ നേരം ദിവസത്തിൽ ഏതുസമയത്തും എത്ര ബസുകളിലും മാറിമാറി യാത്രചെയ്യാം. ആദ്യദിനത്തിൽ യാത്ര പൂർണമായും സൗജന്യമായിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ ടിക്കറ്റ് എടുക്കണം.
ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച വെന്റിങ് മെഷീനുകളിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റെടുക്കാം. ഇത് സമാർട്ട് കാർഡാണ്. റിയാദ് മെട്രോക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ കാർഡിന് ‘ദർബ്’എന്നാണ് പേര്. കാർഡിന്റെ വില 10 റിയാലാണ്. വെന്റിങ് മെഷീനിൽ 10 റിയാൽ നൽകി കാർഡ് നേടിയാൽ അഞ്ചു റിയാൽ മുതൽ 150 റിയാൽ വരെ അതിൽ ടോപ്അപ് ചെയ്യാം. റിയാദ് മെട്രോ ആപ്, വെബ്സൈറ്റ് എന്നിവ വഴിയും കാർഡ് എടുക്കാം. ബസിലുള്ള ഡിവൈസിൽ ബാങ്ക് എ.ടി.എം കാർഡ് സ്വയിപ്പ് ചെയ്തും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്.
ബസിനുള്ളിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്റ്റോപ്പുകളുടെ പേരും അവിടേക്കുള്ള ദൂരവും എല്ലാം സ്ക്രീനിൽ കാണിക്കുമെന്നും തികച്ചും സുഖകരമായ യാത്രാനുഭവം നൽകുന്ന ആഡംബര സീറ്റുകളാണുള്ളതെന്നും യാത്രികനായ കണ്ണൂർ സ്വദേശി ശഫീഖ് പറഞ്ഞു.
15 റൂട്ടുകളിലായി 633 ബസ് സ്റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് നിലവിലെ സർവിസ്. അഞ്ചുഘട്ടമായുള്ള പദ്ധതി പൂർത്തിയായാൽ 86 റൂട്ടുകളിലായി 800 ലേറെ ബസുകൾ നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിച്ച് സർവിസ് നടത്തും. അപ്പോൾ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2,900 ആയി ഉയരും. നിരത്തുകളിൽനിന്ന് സ്വകാര്യ വാഹനങ്ങളെ പരമാവധി കുറച്ച് റിയാദ് നഗരത്തെ ട്രാഫിക് കുരുക്കുകളിൽനിന്ന് മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റോയൽ കമീഷൻ അറിയിച്ചു. എല്ലാ വിഭാഗം ആളുകളുടെ യാത്രക്കും ഈ ബസുകൾ സൗകര്യമൊരുക്കും.
റൂട്ടുകളെയും സമയത്തെയും ടിക്കറ്റെടുക്കാനുള്ള സൗകര്യങ്ങളെയും കുറിച്ച് അറിയാൻ www.riyadhbus.sa എന്ന പോർട്ടലും riyadh bus എന്ന ആപ്പും ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച വെന്റിങ് മെഷീനുകളിൽനിന്ന് കാർഡ് എടുക്കൽ എളുപ്പമാണെന്നും ഏതു സമയത്തും അവിടെനിന്ന് ടോപ് അപ് ചെയ്യാനാവുമെന്നും സാപ്റ്റ്കോയിലെ മലയാളി ഉദ്യോഗസ്ഥൻ ബഷീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ബസുകളാണ് സർവിസ് നടത്തുന്നതെന്നും ഇത് അന്തരീക്ഷ മലിനീകരണം കുറച്ച് നഗര പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിന് വലിയ സംഭാവന നൽകുമെന്നും റോയൽ കമീഷൻ അറിയിച്ചു. പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇപ്പോൾ ബസ് സർവിസ് ആരംഭിച്ചതാണെന്നും റിയാദ് മെട്രോ റെയിൽ ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ആറു ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യവും 85 സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് മെട്രോ ട്രെയിൻ പദ്ധതി. ഇതും ബസ് പദ്ധതിയുടെ ബാക്കി ഘട്ടങ്ങളും 2024 അവസാനത്തോടെ പൂർണമായി ആരംഭിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.