റിയാദ്: ഇസ്രായേൽ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണംചെയ്ത ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറ് ശൃംഖലയായ മക്ഡൊണാൾഡ്സിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ഗസ്സയിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി മക്ഡൊണാൾഡ്. ഒപ്പം വിശദീകരണക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. സൈനികർക്ക് സൗജന്യ ഭക്ഷണം കൊടുക്കുക എന്നത് ഇസ്രായേലിലെ ഹോസ്റ്റിങ് കമ്പനിയുടെ തീരുമാനമാണ്. മക്ഡൊണാൾഡ് ഇൻറർനാഷനലിനോ മറ്റേതെങ്കിലും രാജ്യത്തെ ഹോസ്റ്റിങ് കമ്പനി ഉടമകൾക്കോ നേരിട്ടോ അല്ലാതെയോ ഈ തീരുമാനത്തിൽ ഒരു പങ്കുമില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
അറബികളും മുസ്ലിംകളും ഉൾപ്പെടുന്ന ഓഹരി ഉടമകളുടെ കമ്പനിയായ ഞങ്ങൾ ഒരു രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയോ ഇല്ല. സൗദി മക്ഡൊണാൾഡ്സ് പൂർണമായും സൗദിയിലെ സ്വതന്ത്ര കമ്പനിയായതിനാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും സമൂഹത്തെയും പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഈ നിലപാടിന്റെ ഭാഗമായി ഗസ്സയിലെ ദുരിതം അനുഭവിക്കുന്നവർക്കായി 20 ലക്ഷം സൗദി റിയൽ (നാലര കോടി രൂപ) സംഭാവന നൽകും. സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങളിൽ സാധ്യമാകുന്ന എല്ലാ പിന്തുണയും നൽകുന്നതിലും ദുരിതാശ്വാസത്തിലേക്ക് സംഭാവന നൽകുന്നതിലും ഞങ്ങൾക്ക് ആഹ്ലാദമുണ്ടെന്നും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനതക്കുവേണ്ടി പ്രവർത്തിക്കുന്നതായും വിശദീകരണക്കുറിപ്പിൽ പറയുന്നു. സൗജന്യ ഭക്ഷണം നൽകുന്ന വാർത്ത പുറത്തുവന്നതോടെ അറബ് രാജ്യങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുകയും ബഹിഷ്കരണ ആഹ്വാനം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടാവുകയും ചെയ്തിരുന്നു. കമ്പനിയുടെ വിശദീകരണക്കുറിപ്പ് പുറത്തുവന്നതോടെ പ്രതിഷേധ ചൂടിന് ശമനം വന്നുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.