ഭീകര സംഘടനാപ്രവർത്തനം: സൗദിയിൽ 81 പ്രതികൾക്ക്​ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദി അറേബ്യയിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​, അൽഖാഇദ എന്നീ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചതിനും കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിനും 81 പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്​ചയാണ് നടപടിയുണ്ടായത്​. സൗദി പ്രസ്​ ഏജൻസിയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്തത്​.

ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തൽ, കുഴിബോംബുകൾ സ്ഥാപിക്കൽ, തട്ടിക്കൊണ്ടുപോകൽ, പീഡനം, ബലാത്സംഗം, സായുധ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട സൗദി പൗരന്മാരും വിദേശികളുമായ 81 പേർക്കാണ്​ വധശിക്ഷ നടപ്പാക്കിയത്​. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും കലഹവും അരാജകത്വവും ഉണ്ടാക്കുന്നതിനും ഭീകരസംഘടനകളായ ഐ.എസ്​, അൽഖാഇദ, ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകൾ, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവയുടെ പദ്ധതികൾ നടപ്പാക്കുന്നതിന്​ രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുന്നതിലേർപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരിലുണ്ട്​.

നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും പ്രതികളിലുണ്ട്​. ഐ.എസ്​, അൽഖാഇദ, ഹൂതികൾ തുടങ്ങിയ വിദേശ തീവ്രവാദ സംഘടനകളോട് കൂറ് പുലർത്തുന്നതും കുറ്റകൃത്യമാണ്​. തീവ്രവാദ സംഘടനകളിൽ ചേരുന്നതിനായി സംഘർഷ മേഖലകളിൽ പോകൽ, സർക്കാർ ഉദ്യോഗസ്ഥരെയും സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട്​ ആക്രമണം നടത്തൽ, നിയമപാലകരെ കൊലപ്പെടുത്തുകയും അവരുടെ ശരീരം വികൃതമാക്കുകയും ചെയ്യൽ, പൊലീസ്​ വാഹനങ്ങളെ ലക്ഷ്യമിട്ട് കുഴിബോംബുകൾ സ്ഥാപിക്കൽ, തട്ടിക്കൊണ്ടുപോകൽ, പീഡനം, ബലാത്സംഗം, രാജ്യത്തേക്ക് ആയുധങ്ങളും ബോംബുകളും കടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരും വധശിക്ഷ ലഭിച്ച പ്രതികളിലുണ്ട്​.

13 ജഡ്ജിമാരുടെ നേതൃത്വത്തിലാണ്​ ഓരോ പ്രതിയെയും മൂന്ന്​ വ്യത്യസ്ത ഘട്ടങ്ങളിലായി വിചാരണക്ക്​ വിധേയമാക്കിയത്​. രാജ്യത്തെ നിയമങ്ങൾ അവർക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും വകവെച്ചുകൊടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അവർക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന രേഖകൾ കോടതിയിൽ എത്തിയിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഭീഷണിപ്പെടുത്തുകയോ പൊതുജീവിതം തടസ്സപ്പെടുത്തുകയോ സമൂഹത്തിന്‍റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ആർക്കെതിരിലും കർശന നടപടി സ്വീകരിക്കാൻ രാജ്യം മടിക്കില്ലെന്ന്​ ആഭ്യന്തരം മന്ത്രാലയം ശിക്ഷാവിധി വിശദീകരിക്കവേ വ്യക്തമാക്കി​. ലോകത്തിന്‍റെ മുഴുവൻ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതാണ്​ ഭീകരവാദവും തീവ്രവാദവും. അവക്കെതിരെ രാജ്യം കർശനവും അചഞ്ചലവുമായ നിലപാട് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia puts 81 to death in its largest mass execution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.