ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്ന് (ശനി) മുതൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് വിസയുള്ളവർ, ഉംറ പെർമിറ്റുള്ളവർ, മക്കയിൽ ഇഖാമയുള്ള സ്ഥിരം താമസക്കാർ, പ്രത്യേക പെർമിറ്റെടുത്ത് മറ്റു പ്രദേശങ്ങളിൽ നിന്ന് മക്കയിൽ ജോലിക്കായി പോവുന്നവർ എന്നിവർക്കായിരിക്കും പ്രവേശനം. ഈ വിഭാഗങ്ങളിൽ പെടാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാവില്ല. ചെക്ക് പോസ്റ്റുകളിൽ ഇവരുടെ വാഹനം തടഞ്ഞു തിരിച്ചയക്കും.
അതേസമയം, ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന സൗദിയിലെ താമസക്കാർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക്കായി നൽകുന്നതിനു അപേക്ഷകൾ പാസ്പോർട്ട് വകുപ്പ് സ്വീകരിച്ചു തുടങ്ങി. ഇതോടെ പാസ്പോർട്ട് ഓഫീസ് ആസ്ഥാനം സന്ദർശിക്കാതെ തന്നെ പ്രവേശന പെർമിറ്റ് നേടാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ മുഖീം പോർട്ടലിലൂടെയും അബ് ഷീർ പ്ലാറ്റ്ഫോമിലൂടെയുമാണ് പെർമിറ്റുകൾ നൽകുന്നത്. വീട്ടുജോലിക്കാർ, ആശ്രിതർ, പ്രീമിയം ഇഖാമ ഉടമകൾ, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റ് നൽകാൻ അബ് ഷീർ പ്ലാറ്റ്ഫോം വ്യക്തികളെ അനുവദിക്കുന്നു.
എന്നാൽ ഹജ്ജ് സീസണിൽ മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സീസണൽ വർക്ക് വിസയുള്ളവർക്കും അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ കരാറുകാർക്കും മുഖീം ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് മക്കയിലേക്കുള്ള പ്രവേശിക്കാനുള്ള അനുമതി നൽകുക. ഹജ്ജ് സീസനോടനുബന്ധിച്ച് മക്കയിലേക്കുളള അനധികൃത പ്രവേശനം തടയുന്നതിനും ഹജ്ജ് നടപടികൾ വ്യവസ്ഥാപിതമാക്കുന്നതിന്റെയും ഭാഗമാണ് ഹജ്ജ് സീസണിലെ ജോലിക്കാർക്ക് മക്കയിലേക്ക് പ്രവേശനത്തിന് പെർമിറ്റുകൾ നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.