ദോഹ: മൂന്ന് വർഷമായി തുടരുന്ന ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സൂചന നൽകി സൗദി അറേബ്യയും. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. 'വാഷിങ്ടൺ ഇൻസ് റ്റിറ്റ്യൂട്ട് േഫാർ നിയർ ഈസ്റ്റ് പോളിസി' നടത്തിയ ഓൺലൈൻ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അൽജസീറ ചാനൽ ഇത് റിപ്പോർട്ട് െചയ്തിട്ടുണ്ട്. 'ഒരു പരിഹാരം കാണുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഖത്തറിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, ഖത്തരി സഹോദരൻമാരുമായി സംസാരിക്കാൻ തയാറാണ്' സൗദി മന്ത്രി പറഞ്ഞു. എന്നാൽ പ്രശ് നപരിഹാരം ഉണ്ടാകുേമ്പാൾ മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാണിച്ച സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിക്കേണ്ടതുണ്ട്. നാലുരാജ്യങ്ങളെ ഖത്തർ ഉപരോധത്തിലേക്ക് നയിച്ച കാര്യങ്ങളും ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിെനതിരെ ഉപരോധം കൊണ്ടുവന്നത്. ഉന്നത യു.എസ് അധികൃതരടക്കം ഈയടുത്ത് ഉപരോധം പരിഹരിക്കപ്പെടാനുള്ള സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും സൗദി അധികൃതരിൽ നിന്ന് പ്രതികരണങ്ങളുണ്ടായിരുന്നില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഗൾഫടക്കമുള്ള ഏഴ് വിദേശരാജ്യപര്യടനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.
ഖത്തർ, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളും പോംപിയോ സന്ദർശിച്ചിരുന്നു. ഖത്തറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വാഷിങ്ടണിൽ മൈക്ക് പോംപിയോയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സൗദി വിദേശകാര്യമന്ത്രി പുതിയ സൂചനകൾ നൽകിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സൗദി മന്ത്രിയുടെ പ്രസ്താവന കൂടി വന്നതോടെ പ്രശ് നപരിഹാരപ്രതീക്ഷകൾ വീണ്ടും കനക്കുകയാണ്.
അടുത്ത 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ ആകാശത്തിലൂടെ പറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ദേശീയ സുരക്ഷാഉപദേഷ്ടാവ് അംബാസഡർ റോബർട്ട് ഒബ്റിൻ ഈയടുത്ത് പറഞ്ഞിരുന്നു.
ഓൺലൈനിൽ നടന്ന ആഗോള സുരക്ഷാഫോറം 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 70 ദിവസത്തിനുള്ളിൽ ഉപരോധരാജ്യങ്ങൾക്ക് മുകളിലൂടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾ പറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമവിലക്ക് പരിഹരിച്ച് സൗദിയുടെയും ബഹ് റൈനിൻെറയും മുകളിലൂടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് പറക്കാൻ ആവും. അതാണ് ഉപരോധം അവസാനിക്കുന്നതിനുള്ള ആദ്യപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.