ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽന മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്. റമദാനിലെ ആദ്യ 20 ദിവസങ്ങളിലേക്കുള്ള ബുക്കിങ് സൗകര്യമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
അവസാന പത്തിലേക്കുള്ള ഉംറ ബുക്കിങ് സൗകര്യം പിന്നീടായിരിക്കും ആരംഭിക്കുക. റമദാനിലെ ആദ്യ 20 ദിവസങ്ങളിലെ ‘ടൈം മാപ്പ്’ മന്ത്രാലയം അവലോകനം ചെയ്തു. വിവിധ ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്നു കളറുകളിലായി കാണിച്ചിട്ടുണ്ട്.
തീരെ കുറഞ്ഞ തിരക്കുള്ള സമയങ്ങൾ കടും പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങൾ ഓറഞ്ച് കളറിലും കൂടുതൽ തിരക്കുള്ള സമയങ്ങൾ കടും ചുവപ്പ് നിറത്തിലുമാണ് കാണാനാവുക. ഉംറ ഉദ്ദേശിക്കുന്നവർ നിർബന്ധമായും പെർമിറ്റ് എടുത്തിരിക്കണം. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉംറ വിസകളോടൊപ്പംതന്നെ മറ്റു വിസകളിൽ സൗദിയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദം നൽകിയതിലൂടെ ഈ വർഷത്തെ റമദാനിൽ ഉംറ തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.