ബുറൈദ: സൗദി അറേബ്യയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദി സെൻട്രൽ ബാങ്കുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. റിക്രൂട്ടിങ് കമ്പനിയുടെ ഉത്തരവാദിത്തത്തിൽ ഗാർഹികതൊഴിൽ കരാർ ഒപ്പിടുന്ന വേളയിലാണ് പ്രീമിയം തുക അടച്ച് ഇൻഷുറൻസ് എടുക്കേണ്ടത്. പ്രീമിയം എല്ലാ വിഭാഗത്തിലും പെട്ടവർക്ക് താങ്ങാവുന്നതാകുമെന്നും അധികൃതർ സൂചിപ്പിച്ചു.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതായിരിക്കും ഇൻഷുറൻസ് വ്യവസ്ഥകൾ. തൊഴിൽകരാർ അവസാനിക്കുന്ന സമയത്ത് റിക്രൂട്ടിങ് കമ്പനി ഗുണഭോക്താക്കളെ വിവരമറിയിക്കും. തൊഴിലാളി ഒളിച്ചോടിപ്പോവുക, രോഗം മൂലം ജോലിചെയ്യാൻ കഴിയതാവുക, മരണം സംഭവിക്കുക, തൊഴിൽ കരാർ പൂർത്തിയാക്കാൻ വിസമ്മതിക്കുക എന്നീ ഘട്ടങ്ങളിൽ തൊഴിൽദാതാവിന് നഷ്ടപരിഹാരം ലഭിക്കും.
തൊഴിലുടമയിൽനിന്നുള്ള കരാർലംഘനങ്ങളിൽ നിന്നുള്ള പരിരക്ഷ തൊഴിലാളിക്കും ലഭ്യമാകും. സൗദി സെൻട്രൽ ബാങ്കുമായി (സാമ) സഹകരിച്ചായിരിക്കും പദ്ധതിയുടെ അന്തിമ രൂപം തയാറാക്കുകയെന്ന് പ്രാദേശിക ടെലിവിഷൻ ചാനലിൽ 'അൽറാസെദ്' പ്രോഗ്രാം അവതരണത്തിനിടെ മന്ത്രാലയ വക്താവ് അറിയിച്ചു.
ഈ പദ്ധതി സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്കും അവരുടെ തൊഴിലുടമകൾക്കും ഗുണം ചെയ്യുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.