യു.എ.ഇ -ഖത്തർ ബന്ധം പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്ത് സൗദി: ‘ഗൾഫ് മേഖലക്ക് കൂടുതൽ കരുത്ത് പകരും’

ജിദ്ദ: യു.എ.ഇ - ഖത്തർ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനെ സൗദി അ​റേബ്യ സ്വാഗതം ചെയ്തു. 2021ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ​െൻറ പ്രത്യേക താൽപര്യപ്രകാരം ഗൾഫ് രാജ്യങ്ങൾ നയതന്ത്ര ബന്ധവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച അൽ ഉല കരാർ നടപ്പാക്കാൻ യു.എ.ഇയും ഖത്തറും മുന്നോട്ടുവന്നത്​ ശ്ലാഘനീയമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യു.എ.ഇ എംബസി ദോഹയിലും ഖത്തർ എംബസി ദുബൈയിലും പ്രവർത്തനം പുനരാരംഭിച്ചത് അറബ് മേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് കരുത്ത് പകരും. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം ഉയർത്തിക്കാട്ടുന്നതിനും മേഖലയിലെ രാഷ്​ട്രങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും പുതിയ നീക്കം ഫലം ചെയ്യും. ഗൾഫ് മേഖലക്ക് കൂടുതൽ കരുത്ത് പകരാനും കൂട്ടായ ഗൾഫ് ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സംഭാവന നൽകുന്ന ഈ നീക്കത്തെ മന്ത്രാലയം അഭിനന്ദിച്ചു.

യു.എ.ഇയും ഖത്തറും ബന്ധം പുനഃസ്ഥാപിക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത നടപടി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കുന്നത്. രണ്ട് അറബ് രാജ്യങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അറബ് മേഖലയിലെ സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്താനും വഴിവെക്കുന്നതാണ് ഐക്യത്തി​െൻറ പുതിയ സന്ദേശമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികൾ വീണ്ടും തുറക്കുന്നതിനും മുന്നോട്ടുവന്ന യു.എ.ഇയെയും ഖത്തറിനെയും യു.എസും സ്വാഗതം ചെയ്തു. പ്രാദേശിക സ്ഥിരതയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് യു.എസ്‌ സ്​റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ്​ വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ സുരക്ഷിതവും സംയോജിതവും സമാധാനപരവും സമൃദ്ധവുമായ പശ്ചിമേഷ്യൻ മേഖല കെട്ടിപ്പടുക്കുന്നതിന് ജി.സി.സിയുമായും മറ്റ് പ്രാദേശിക പങ്കാളികളുമായും പ്രവർത്തിക്കാൻ യുനൈറ്റഡ് സ്​റ്റേറ്റ്സ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ലാണ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ഉടലെടുത്തത്. ഇത് അവസാനിച്ചതിലും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യം കൂടുതൽ സജീവമാകുന്നതിലും സമാധാനകാംക്ഷികൾ പ്രതീക്ഷയോ​ടെയാണ് കാണുന്നത്.

Tags:    
News Summary - Saudi Arabia welcomes restoration of ties between UAE and Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.