ജിദ്ദ: 10 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ ഗംഭീര തുടക്കം. ചലച്ചിത്ര രംഗത്തെ അന്താരാഷ്ട്ര പ്രതിഭകളുടെ വലിയനിര തന്നെ ജിദ്ദ റിട്സ് കാൾട്ടൻ ഹോട്ടലിൽ ഒരുക്കിയ റെഡ് കാർപറ്റിൽ അണിനിരന്നു. സൗദി നടി മില അൽസഹ്‌റാനി, ഈജിപ്ഷ്യൻ അഭിനേതാക്കളായ ഹുസൈൻ ഫഹ്മി, യൊസ്‌റ, നെല്ലി കരീം, ഹോളിവുഡ് അഭിനേതാക്കളായ മിക്കല്ലേ റോഡ്രിഗസ്, ലൂസി ഹെയ്ൽ, ലെബനീസ് അഭിനേതാക്കളായ നിക്കോളാസ് മൗവാദ്, നദീൻ നാസിബ് നജീം, ഓസ്‌ട്രേലിയൻ താരങ്ങളായ നദീൻ നാസിബ് നജീം തുടങ്ങിയവരോടൊപ്പം ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാൻ, നടിമാരായ പ്രിയങ്ക ചോപ്ര, കാജൽ, സംഗീതജ്ഞൻ എ.ആർ റഹ്മാൻ എന്നിവരും വിവിധ സെഷനിൽ ഫെസ്റ്റിവൽ വേദിയിലെത്തി.
ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ നടൻ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി സമ്മാനിച്ചു. തന്റെ സിനിമകളെ എല്ലായിപ്പോഴും പിന്തുണക്കുന്ന സൗദിയിലെ ആരാധകർക്കിടയിൽ എത്താനായത് അതിശയകരമാണെന്നും റെഡ് സീ ഫിലിം ഫെസ്റ്റിവലിൽനിന്നും ഇത്തരത്തിലൊരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ശ്രദ്ധേയനായ പ്രതിഭയും ആഗോള സൂപ്പർസ്റ്റാറുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ആദ്യകാലം മുതലെ അദ്ദേഹം സൗദി പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി പറഞ്ഞു. ബ്രിട്ടീഷ് സംവിധായകൻ ഗൈ റിച്ചിയെയും ഷാരൂഖ് ഖാനോടൊപ്പം ബഹുമതി നൽകി ആദരിച്ചു.
ഈ വർഷത്തെ മേളയിൽ ജഡ്ജിങ് പാനലിനെ നയിക്കുന്ന ഇതിഹാസ ചലച്ചിത്ര നിർമാതാവ് ഒലിവർ സ്റ്റോണും വെള്ളിയാഴ്ച നടന്ന റെഡ് കാർപെറ്റ് പരിപാടിയിൽ പങ്കെടുത്തു. ശേഖർ കപൂർ സംവിധാനം ചെയ്ത 'What's Love Got to Do With It?' എന്ന ബ്രിട്ടീഷ് ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യ ചിത്രം. ഒപ്പം ആദിത്യ ചോപ്ര സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും കാജളും അഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് സൂപർ ഹിറ്റ് സിനിമയായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' ഉദ്‌ഘാടന ദിനത്തിൽ പ്രദർശിപ്പിച്ചു. സിനിമാ പ്രദർശനങ്ങൾക്ക് പുറമേ, ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും അവരുടെ കരിയറിനെ കുറിച്ച് സംസാരിക്കുന്ന പ്രത്യേക സെഷൻ ഫെസ്റ്റിവലിൽ നടക്കും. ഹോളിവുഡ് താരങ്ങളായ ഷാരോൺ സ്റ്റോൺ, ആൻഡി ഗാർഷ്യ, ലെബനൻ സംവിധായികയും നടിയുമായ നദീൻ ലബാകി, ഇന്ത്യൻ നടൻ രൺബീർ കപൂർ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികൾ ഈ സെഷനിൽ പങ്കെടുക്കും.
തന്റെ ഏറ്റവും പുതിയ സിനിമയായ ഡുൻകി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഷാരൂഖ് ഖാൻ കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അൽ ഉലയിലുമായി ഉണ്ടായിരുന്നു. അതിനിടക്ക് വ്യാഴാഴ്ച മക്കയിലെത്തി അദ്ദേഹം ഉംറ കർമവും നിർവഹിച്ചിരുന്നു. റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സംഗീത സാമ്രാട്ട് എ.ആർ. റഹ്മാനും പങ്കെടുക്കുന്നുണ്ട്. 'ഡിജെ സാർട്ടക്' എന്ന പേരിൽ എ.ആർ റഹ്മാൻ നയിക്കുന്ന സംഗീത പരിപാടി ഇന്ന് (ശനി) അൽഹംറയിലെ ഫെസ്റ്റിവൽ വേദിയിൽ രാത്രി 10 മണിക്ക് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.