വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്ന ശേഷം സൗദിയുടെ അടിയന്തിര സഹായവസ്തുക്കളുമായി വാഹനങ്ങൾ ഗസ്സയിലെത്തിയപ്പോൾ
യാംബു: ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്ന് സമാധാന ജീവിതത്തിലേക്ക് നീങ്ങുന്ന ഫലസ്തീനികൾക്ക് സഹായം നൽകി സൗദി. ഇസ്രായേൽ ആക്രമണം ദുരിതക്കടലിലാഴ്ത്തിയ നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സഹായ വസ്തുക്കളാണ് നിരവധി വാഹനങ്ങളിലായി ഗസ്സയിൽ എത്തിച്ചത്. വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങുന്ന താമസക്കാരെ സഹായിക്കുന്നതിന് പുതപ്പുകൾ, മെത്തകൾ, പാചകത്തിനുള്ള പാത്രങ്ങൾ, ജല പാത്രങ്ങൾ, നിത്യോപയോഗത്തിനായി ആവശ്യമായ മറ്റു സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഷെൽട്ടർ കിറ്റുകളും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളാണ് കഴിഞ്ഞ ദിവസം എത്തിയത്.
ഗസ്സയിലെ ഫലസ്തീനികളുടെ പുനരുദ്ധാരണത്തിന് ആശ്വാസം നൽകുക എന്ന ലക്ഷ്യം വെച്ച് പ്രത്യേക കാമ്പയിൻ തന്നെ രാജ്യത്ത് സജീവമാക്കാനും അധികൃതർ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഗസ്സയിൽ കെ.എസ്. റിലീഫിന്റെ എക്സിക്യൂട്ടിവ് പങ്കാളിയായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് സൗദിയുടെ സഹായ വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഫലസ്തീൻ സഹോദരങ്ങളുടെ ദുരിതങ്ങളകറ്റി അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയെന്ന രാജ്യത്തിന്റെ ശക്തമായ നിലപാടിന്റെ തുടർച്ചയാണ് അടിയന്തിര സഹായ നീക്കമെന്ന് അധികൃതർ അറിയിച്ചു.
നശിച്ചതോ കേടുപാടുകൾ സംഭവിച്ചതോ ആയ വീടുകളിലേക്ക് ഫലസ്തീനികൾ മടങ്ങുമ്പോൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുക എന്നതാണ് ഈ സഹായത്തിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫലസ്തീൻ ജനതയുടെ നിലവിലുള്ള ദുരിതങ്ങളിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സൗദി അറേബ്യ നടപ്പാക്കുന്ന മാനുഷിക, ദുരിതാശ്വാസ പദ്ധതികൾ ഇനിയും സജീവമാകുമെന്നും കെ.എസ്. റിലീഫ് അറിയിച്ചു.
15 മാസം നീണ്ടുനിന്ന യുദ്ധത്തിലൂടെ ഗസ്സയിലെ എല്ലാം പാടേ തകർന്നതായാണ് റിപ്പോർട്ടുകൾ. ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ അടിയന്തര നടപടി വേണ്ടതുണ്ടെന്ന് യു.എൻ അടക്കമുള്ള സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.