ജിദ്ദ: സൗദി കിരീടാവകാശി പ്രഖ്യാപിച്ച 'ദി ലൈൻ' എന്ന അത്ഭുത നഗരത്തെ കുറിച്ച് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ നിയോം സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ജിദ്ദയിലാണ് ആദ്യ പ്രദർശനം.
തുടർന്ന് കിഴക്കൻ പ്രവശ്യയിലും റിയാദിലും പ്രദർശനങ്ങളുണ്ടാകും. സൗദിയുടെ ചിത്രം മാറ്റി വരക്കുന്ന അത്ഭുത നഗരിയാണ് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയോമിലെ ദി ലൈൻ. അരലക്ഷം കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. 2024ൽ ആദ്യ ഘട്ടം പൂർത്തിയാക്കപ്പെടുന്ന സ്വപ്ന പദ്ധതിയുടെ നിർമാണം 2030 ഓടെ പൂർത്തിയാകും.
170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം. 90 ലക്ഷം പേർക്ക് ഈ നഗരത്തിൽ താമസിക്കാം. മുകളിൽനിന്ന് താഴോട്ട് തൂങ്ങിനിൽക്കും വിധമാണ് വീടുകളുടെ നിർമാണം. ഇതുൾപ്പെടെ നിരവധിയാണ് ദി ലൈനിലെ വിസ്മയങ്ങൾ. ഇതെല്ലാം കാണാനും മനസിലാക്കാനും പ്രദർശനം സഹായകരമാകും.
ജിദ്ദയിൽ സൂപർ ഡോമിൽ ആഗസ്റ്റ് ഒന്ന് മുതൽ 14 വരെയാണ് പ്രദർശനം. ശേഷം കിഴക്കൻ പ്രവശ്യയിലും റിയാദിലും എക്സിബിഷൻ സംഘടിപ്പിക്കും. പ്രദർശനത്തിനെത്തുന്നവർക്ക് നൂതന നഗരത്തിന്റെ വിശദമായ രൂപകൽപ്പനയും വാസ്തുവിദ്യാ, എൻജിനീയറിങ് വൈദഗ്ധ്യവും കാണാനും മനസ്സിലാക്കാനും അവസരമുണ്ട്. സൗജന്യമയാണ് പ്രവേശനം. ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങൾ നൽകാൻ ഗൈഡുകളുണ്ടാകും. ഒരു മണിക്കൂർ വീതമാണ് പ്രദർശനത്തിന്റെ ദൈർഘ്യം. രാവിലെ 10 മുതൽ രാത്രി 11 വരെ എക്സിബിഷൻ തുടരും. ടിക്കറ്റുകൾ സൗജന്യമാണെങ്കിലും 'ഹല യല്ല' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി തിയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.