റിയാദ്: ലോകമെമ്പാടും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിൽ സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തണമെന്ന് സൗദി അറേബ്യ. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽ ‘വിശപ്പില്ലാത്ത ലോകം’ സമ്മേളനത്തിൽ സൗദി പ്രതിനിധി സംഘത്തലവൻ പരിസ്ഥിതി-ജലം-കൃഷി ഉപമന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽ മുശൈതിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സുസ്ഥിരത കൈവരിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള അടിസ്ഥാന സ്തംഭമെന്നനിലയിൽ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലവസരങ്ങളും തദ്ദേശീയ സമൂഹത്തിന് അഭിവൃദ്ധിയും കൃഷി പ്രദാനം ചെയ്യും. കാർഷിക പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും ആധുനിക കാർഷികരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉൽപാദനം വർധിപ്പിക്കുന്നതിനും അതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും സാധിക്കും.
ഭക്ഷ്യസുരക്ഷ കൈവരിക്കാൻ നൂതന സാങ്കേതികവിദ്യകളും സുസ്ഥിര രീതികളും വികസിപ്പിക്കുന്നതിനുള്ള വഴികൾ പരിശോധിക്കണമെന്നും അൽ മുശൈതി പറഞ്ഞു.
കിങ് സൽമാൻ റിലീഫ് കേന്ദ്രം ലോകമെമ്പാടുമുള്ള 78 രാജ്യങ്ങളിലായി ഏകദേശം 900 ഭക്ഷ്യസുരക്ഷ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മാനുഷികവും വിലപ്പെട്ടതുമായ പങ്കിന്റെ ചട്ടക്കൂട്ടിലാണിത്. വളരെ ബുദ്ധിമുട്ടുള്ള മാനുഷിക സാഹചര്യങ്ങൾ നേരിടുന്ന നിരവധി ആളുകൾക്ക് സൗദിയുടെ തുടർച്ചയായ പിന്തുണ സഹായമായിട്ടുണ്ട്. ഇത് ആ രാജ്യങ്ങളിൽ ഭക്ഷ്യദൗർലഭ്യത്തിന് പരിഹാരമായിട്ടുണ്ട്.
ഈ സമ്മേളനത്തിൽ സൗദിയുടെ പങ്കാളിത്തം അതിന്റെ ഉദാത്തമായ പങ്കിന്റെയും അടിസ്ഥാന മൂല്യങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണെന്ന് അൽ മുശൈതി വിശദീകരിച്ചു. ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കുന്നതിനും ഭക്ഷണത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ കഴിവുള്ള ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും ഫലപ്രദമായ നടപടിയെടുക്കാനുള്ള കൂട്ടായ പ്രതിബദ്ധതയുടെ പ്രധാന്യം അൽ മുശൈതി സൂചിപ്പിച്ചു.
ശാസ്ത്രം, നവീകരണം, ആധുനിക സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ ലോകം സാക്ഷ്യംവഹിക്കുന്ന പുരോഗതി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള നിരവധി ഭക്ഷ്യവെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇത് സംഭാവന നൽകി. എന്നിരുന്നാലും, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിൽ കൈവരിച്ച പുരോഗതി ഇപ്പോഴും അപര്യാപ്തമാണ്.
ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിന് പ്രായോഗികവും ഫലപ്രദവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ തീവ്രമാക്കേണ്ടതിന്റെയും നയങ്ങൾ സജീവമാക്കേണ്ടതിന്റെയും ആവശ്യകത അൽ മുശൈതി ഊന്നിപ്പറഞ്ഞു.
ലോകത്തെ പല രാജ്യങ്ങളിലെയും ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഹ്രസ്വകാല പരിഹാരങ്ങൾ നൽകുന്നതിൽ നേരിട്ടുള്ള ഭക്ഷ്യസഹായവും മാനുഷിക സഹായവും പ്രധാന പങ്ക് വഹിക്കുന്നു. കിങ് സൽമാൻ റിലീഫ് കേന്ദ്രം ലോകമെമ്പാടുമുള്ള 78 രാജ്യങ്ങളിൽ ഏകദേശം 900 ഭക്ഷ്യസുരക്ഷ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
വിശപ്പില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് മികച്ച കാർഷിക രീതികളും സാങ്കേതിക വിദ്യകളും കൈമാറ്റം ചെയ്യൽ, ധനസഹായ വിതരണം വിപുലീകരിക്കൽ, അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സുരക്ഷ പദ്ധതികളും ശക്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള അവശ്യ നടപടികൾ കൈക്കൊള്ളുന്നതിന് പുറമെ ലോകവ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ബഹുമുഖ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
അന്താരാഷ്ട്ര സംഘടനകളുമായി പങ്കാളിത്തം ഉണ്ടാക്കുകയും ന്യായമായ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അൽ മുശൈതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.