അൽഖോബാർ: ഞായർ മുതൽ വ്യാഴം വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ത്വാഇഫ്, മെയ്സാൻ, ആദം, അൽഖുർമ, അൽഅർദിയാത്ത്, മതുർബ, റാനി, അൽമുവിയ്യ, അസീർ, അൽബഹ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.
റിയാദ്, ദിരിയ, അൽ മജ്മഅ, അൽ സുൽഫി, അൽ ഘട്ട്, റിമ, താദിഖ്, ഷഖ്റ, അഫീഫ്, അൽ ദവാദ്മി,അൽ ഖുവൈയ്യ, അൽ മുസാഹിമിയ, ധർമ, ഹുറയ്മില, അൽ അഫ്ലാജ്, വാദി ദവാസിർ, അൽ സുലൈൽ, അൽ ഖർജ്, ഹോട്ടത്ത് ബാനി തമീം, അൽ ഹാരിഖ്, അൽ ബജാദിയ, അൽ ദലം എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ പൊടി ഉയർത്തുന്ന സജീവ വേഗതയോടുകൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.
കിഴക്കൻ പ്രവിശ്യ, ഖസിം മേഖലകളെയും സമാനമായ കാലാവസ്ഥ ബാധിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീന, ത്വാഇഫ് എന്നിവിടങ്ങളിൽ ഇടിമിന്നലുകളും സജീവമായ കാറ്റും പ്രതീക്ഷിക്കുന്നു.
മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയുകയും വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, തോടുകൾ എന്നിവയിൽനിന്ന് മാറിനിൽക്കുകയും വേണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു. അനുയോജ്യമല്ലാത്തതും അപകടകരവുമായതിനാൽ വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും നീന്തരുതെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്വർക്കിങ് വെബ്സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.