ജിദ്ദ: ഇറാൻ പിന്തുണയുള്ള യമനിലെ തീവ്രവാദി ഗ്രൂപ്പായ ഹൂതികൾ രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന സായുധ ഡ്രോൺ ആക്രമണങ്ങളെയും ജിദ്ദയിൽ കഴിഞ്ഞയാഴ്ച ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിക്കിടയിലുണ്ടായ ഗ്രനേഡ് ആക്രമണത്തെയും നെതർലൻഡ്സിലെ സൗദി എംബസിയിലുണ്ടായ വെടിവെപ്പ് സംഭവത്തെയും സൗദി മന്ത്രിസഭ അപലപിച്ചു.കഴിഞ്ഞദിവസം ചേർന്ന വെർച്വൽ മന്ത്രിസഭായോഗം ശൂറാ കൗൺസിൽ എട്ടാം സെഷെൻറ ഉദ്ഘാടന സമ്മേളനത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടത്തിയ പ്രസംഗങ്ങളെ പ്രശംസിച്ചു.
രാജ്യത്തിെൻറ ആഭ്യന്തരവും ബാഹ്യവുമായ നയങ്ങളും നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രശ്നങ്ങളോടുള്ള രാജ്യത്തിെൻറ നിലപാടുകളും പ്രതിഫലിക്കുന്നതായിരുന്നു സൽമാൻ രാജാവിെൻറ പ്രസംഗമെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രിസഭ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനായി സൗദി അറേബ്യയുടെ സംഭാവന, കോവിഡ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനും ഹജ്ജ്, ഉംറ തീർഥാടകർക്ക് സുരക്ഷിതമായി കർമങ്ങൾ ചെയ്യാനുമൊരുക്കിയ സൗകര്യവുമെല്ലാം പ്രസംഗം എടുത്തുകാട്ടി. വിഷൻ 2030െൻറ ഭാഗമായി രാജ്യം എല്ലാ തലങ്ങളിലും അഭൂതപൂർവമായ നേട്ടങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പബ്ലിക് ഇൻവെൻറ്മെൻറ് ഫണ്ട് നിക്ഷേപത്തിെൻറ തോത് 560 ശതകോടിയിൽനിന്നും 1.3 ട്രില്യണായി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. എണ്ണയിതര വരുമാനത്തിലുണ്ടായ വളർച്ച, കോവിഡിെൻറ ആഘാതം തടയുന്നതിലുള്ള വിജയം, ഭീകരത, തീവ്രവാദം, അഴിമതി എന്നിവ നേരിടാനായി ദൃഢനിശ്ചയത്തോടെ സ്വീകരിച്ച മാർഗങ്ങൾ, തൊഴിൽനിരക്കിലുണ്ടായ വർധന എന്നിവയെല്ലാം അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫയുടെ നിര്യാണത്തിൽ സൽമാൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. നൈജീരിയൻ പ്രസിഡൻറ് മുഹമ്മദ് ബുഹാരിയുമായുള്ള ടെലിഫോൺ സംഭാഷണത്തിെൻറ ഉള്ളടക്കത്തെക്കുറിച്ചും രാജാവ് മന്ത്രിസഭക്കായി വിശദീകരിച്ചു. സൽമാൻ രാജാവ് രാജ്യത്തിെൻറ ഭരണാധികാരിയായതിെൻറ ആറാം വാർഷികത്തോടനുബന്ധിച്ച് രാജാവിന് മന്ത്രിസഭ അഭിനന്ദനങ്ങൾ നേർന്നു. അദ്ദേഹത്തിെൻറ കാലഘട്ടത്തിൽ കൈവരിച്ച വികസനവും വളർച്ചയും യോഗം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.