ജിദ്ദ: മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നീ വിശുദ്ധ ഗേഹങ്ങളുടെ പരിപാലനത്തിന് ഇനി രണ്ടു സ്ഥാപനങ്ങൾ. നിലവിലെ ഇരുഹറം കാര്യാലയം ജനറൽ അതോറിറ്റിയാക്കി മാറ്റുന്നതിന് പുറമെയാണ് രാജാവിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ‘മതകാര്യ പ്രസിഡൻസി’ എന്ന സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
നിലവിലെ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി’യെയാണ് ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി’യാക്കി മാറ്റുന്നത്. ഇതിന് പുറമെയാണ് രാജാവിെൻറ നിയന്ത്രണത്തിൻ കീഴിൽ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ ഒരു സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്. ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ട് അവലോകനം നടത്തിയ ശേഷമാണ് മന്ത്രിസഭായോഗം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
1. ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ സ്വതന്ത്ര സ്ഥാപനം ആരംഭിക്കും. ഇതിെൻറ സംഘാടനവും പ്രവർത്തനവും രാജാവിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാണ്. ഇരുഹറമുകളിലെ ഇമാമുമാരുടെയും മുഅദ്ദിന്മാരുടെയും ചുമതലകൾ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഇൗ സ്ഥാപനമായിരിക്കും. ഇരുഹറമുകളിലും വൈജ്ഞാനിക പഠനങ്ങളും ക്ലാസുകളും നടത്തുന്നതും ഈ പ്രസിഡൻസിയായിരിക്കും.
2. ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി’ എന്ന നിലവിലുള്ള സ്ഥാപനത്തെ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി’ എന്ന പേരിൽ ഒരു പൊതുസ്ഥാപനമാക്കി മാറ്റും. സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്രമായി നിലനിൽപുള്ള സ്ഥാപനമായിരിക്കും ഇത്. എന്നാൽ ഇതിെൻറയും സംഘാടനം രാജാവിെൻറ മേൽനോട്ടത്തിലായിരിക്കും. ഇരുഹറമുകളുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ, പരിപാലനം, വികസനം എന്നിവയെല്ലാം ഈ ജനറൽ അതോറിറ്റിയുടെ കീഴിലാണ് നടക്കുക.
3. ജനറൽ അതോറിറ്റിക്ക് ഡയറക്ടർ ബോർഡ് ഉണ്ടായിരിക്കും. അതിെൻറ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും രാജകീയ ഉത്തരവിലൂടെയായിരിക്കും.
4. മന്ത്രിസഭക്ക് കീഴിലെ വിദഗ്ധ സമിതി പ്രസിഡൻസിയുടെയും ജനറൽ അതോറിറ്റിയുടെയും ഘടനാപരമായ ക്രമീകരണങ്ങൾ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ, രാജകീയ ഉത്തരവുകൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ ഈ സമിതി അവലോകനം ചെയ്യും. ആവശ്യമായ ഭേദഗതികൾ നിർദേശിക്കുകയും തീരുമാനത്തിെൻറ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അത് സമർപ്പിക്കുകയും ചെയ്യും.
5. ഒരു സാങ്കേതിക സമിതി രൂപവത്കരിക്കും. മക്ക, മശാഇർ റോയൽ കമീഷൻ, മദീന മേഖല വികസന അതോറിറ്റി, ഹജ്ജ്-ഉംറ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി, മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി, തീർഥാടകരുടെ സേവനത്തിനായുള്ള കമ്മിറ്റി എന്നിവയുടെ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണ് ഈ പുതിയ സാങ്കേതിക സമിതി. ജനറൽ അതോറിറ്റി ചെയർമാനായിരിക്കും ഈ സമിതിയുടെയും നേതൃത്വം. പ്രസിഡൻസിക്ക് കീഴിലെ ജോലികൾ, ജീവനക്കാർ, കാരാറുകൾ, വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള സാമ്പത്തികവും പ്രവർത്തനപരവുമായ വശങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കൽ എന്നിവ ഇതിന് കീഴിലായിരിക്കും.
6. രണ്ട് മാസത്തിനുള്ളിൽ ഈ രണ്ട് സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.