യാംബു: സൗദി സെൻസസ് 2022 വിവരശേഖരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞദിവസം പൂർത്തിയായി. പ്രാഥമിക സെൻസസ് റിപ്പോർട്ട് ഈ വർഷാവസാനം പ്രസിദ്ധീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
സൗദി സെൻസസിനായുള്ള ഡേറ്റ ശേഖരണത്തിന്റെ ആദ്യഘട്ടവും ഡേറ്റ ഗുണനിലവാരം വിശകലനം ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന അവലോകന റിപ്പോർട്ടും പൂർത്തിയായി. സമ്പൂർണ സെൻസസ് ഡേറ്റ പൂർത്തിയാക്കാൻ ശേഖരിച്ച വിവരങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് അടുത്ത ഘട്ടം. ഡേറ്റയുടെ ഗുണനിലവാരവും കൃത്യതയും ഉറപ്പാക്കാൻ ഉപയോഗിച്ച രീതികളും പ്രോസസിങ് ഘട്ടവും സ്റ്റാറ്റിസ്റ്റിക്കൽ നടപടിക്രമങ്ങളും വിശകലനം ചെയ്യും. ഈ നടപടിക്രമങ്ങളിൽ ഫീൽഡ് വർക്കുകളും കുടുംബനാഥന്മാരുമായുള്ള ആശയവിനിമയവും ഉൾപ്പെടും.
കൂടാതെ ഡേറ്റ സ്ഥിരീകരിക്കാനും പൂർത്തിയാക്കാനും ആവശ്യമെങ്കിൽ പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സെൻസസ് ഉദ്യോഗസ്ഥരുമായി ഈ ഘട്ടത്തിൽ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വിവരങ്ങൾ നൽകാൻ തയാറാവാത്തവർക്കും സെൻസസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കുമെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ലെന്നും അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
സെൻസസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന സെൻസസ് പ്രക്രിയകൾ നല്ലനിലയിൽ പൂർത്തിയാക്കാൻ സഹകരിച്ച രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിച്ച സൗദി സെൻസെസ് ഉദ്യോഗസ്ഥരെയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അഭിനന്ദിച്ചു. സൗദി ചരിത്രത്തിലെ അഞ്ചാമത്തെ സെൻസസ് ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.