യാംബു: ജോർഡൻ അതിർത്തി കടന്ന് ഇസ്രായേൽ നടത്തിയ നഗ്നമായ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ജോർഡൻ താഴ്വരയിലെ ഫലസ്തീൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ നുഴഞ്ഞുകയറ്റം അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം ലംഘനങ്ങൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഫലസ്തീൻ പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ആക്രമണം തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള ഉത്തരവാദിത്തം പൂർണമായും നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവർത്തിച്ച് ആഹ്വാനം ചെയ്തു. ഗസ്സക്കെതിരെ വംശീയ യുദ്ധം ആരംഭിച്ചതിനു ശേഷം ജോർഡനുമായുള്ള അതിർത്തിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞദിവസം നടന്നത്.
ഇത് പ്രദേശത്തുടനീളം പിരിമുറുക്കം വർധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച നെതന്യാഹു ഇസ്രായേൽ സൈനിക കമാൻഡർമാർക്കൊപ്പം ജോർഡനുമായുള്ള അതിർത്തിയോട് ചേർന്നുള്ള താഴ്വരയുടെ ഒരു ഭാഗം സന്ദർശിച്ചിരുന്നു.
വെസ്റ്റ് ബാങ്കിലേക്ക് ആയുധങ്ങളും പോരാളികളെയും കടത്താനുള്ള ശ്രമങ്ങൾ തടയാൻ അതിർത്തിയിൽ മതിൽ പണിയാനുള്ള ശ്രമങ്ങൾ വേണമെന്നും നെതന്യാഹു പറഞ്ഞിരുന്നു. 20 വർഷം മുമ്പ് ഇസ്രായേൽ അധികാരികൾ ആദ്യം നിർദേശിച്ച ഒരു പദ്ധതിയുടെ പുനരുജ്ജീവനമാണിത് എന്നതാണ് പരക്കെ വിലയിരുത്തുന്നത്.
ഇത്തരം ലംഘനങ്ങൾ മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ഫലസ്തീൻ പ്രദേശങ്ങളിലെ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, പ്രദേശത്ത്നിന്ന് ഇസ്രായേൽ അധിനിവേശസേനയെ പിൻവലിക്കുക.
കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കുക, ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് മാനുഷിക സഹായത്തിന്റെ വർധിത പ്രവാഹത്തിന് ആക്കം കൂട്ടുക എന്നിവയുടെ അനിവാര്യത മന്ത്രാലയം ഊന്നിപ്പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇതുവരെ 41,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.