ജിദ്ദ: ഇലക്‌ട്രോണിക് ഗെയിംസിനായുള്ള 'സാവി ഗ്രൂപ്പി'ന്റെ പദ്ധതി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 2030-ഓടെ സൗദി അറേബ്യയെ ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ പ്രധാന ഘടകമാണ് 'സാവി ഗ്രൂപ്പ്' എന്ന് പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ കിരീടാവകാശി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിന് ഇ-സ്‌പോർട്‌സ്, ഗെയിംസ് മേഖലയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഈ മേഖലയിൽ നവീകരണം നടത്തുകയും രാജ്യം മുന്നോട്ട് വെക്കുന്ന ഇ-സ്‌പോർട്‌സ് മേഖലയിലെ വിനോദ പരിപാടികളുടെയും മത്സരങ്ങളുടെയും നിലവാരം ഉയർത്തുകയും ചെയ്യുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തുക, നിക്ഷേപത്തിനും ഫലപ്രദമായ മൂലധന തൊഴിലിനുമായി ദീർഘകാല പദ്ധതി വികസിപ്പിക്കുക എന്നിവയാണ് സൗദി പൊതുനിക്ഷേപ നിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) കീഴിലുള്ള സാവി ഗ്രൂപ്പിന്റെ ഇലക്ട്രോണിക് ഗെയിം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും കിരീടാവകാശി വ്യക്തമാക്കി.
സൗദി അറേബ്യയെ ഇ-ഗെയിം ആഗോള കേന്ദ്രമാക്കാനുള്ള ദേശീയ തന്ത്രം അടുത്തിടെയാണ് കിരീടാവകാശി പ്രഖ്യാപിച്ചത്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് 'സാവി ഗ്രൂപ്' പദ്ധതി. ഇ-ഗെയിം പരിശീലനത്തിനും വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും അവസരങ്ങൾ നൽകുന്നതിന് സാവി ഗ്രൂപ്പ് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രോഗ്രാമുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തും. നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും അന്താരാഷ്ട്ര കമ്പനികളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ തൊഴിൽ രംഗത്ത് അത് വലിയ മാറ്റമുണ്ടാക്കും.
തൊഴിലാളികൾക്ക് സാങ്കേതിക വൈദഗ്ധ്യം, അറിവുകൾ, കഴിവുകളുടെ വികസനം എന്നിവക്ക് ഇത് വലിയ സംഭാവന നൽകും. രാജ്യത്ത് 250 ഇലക്ട്രോണിക് ഗെയിം കമ്പനികളാണ് ഈ പദ്ധതിക്ക് കീഴിൽ സ്ഥാപിക്കുക. 39,000 തൊഴിലവസരങ്ങൾ ഉണ്ടാവും. 2030-ഓടെ ജി.ഡി.പിയിൽ ഇ-ഗെയിംസ് മേഖലയുടെ സംഭാവന 50 ശതകോടി റിയാലായി ഉയർത്തുകയുമാണ് ലക്ഷ്യം. നാല് പ്രോഗ്രാമുകളിലായി 14200 കോടി സൗദി റിയാലിന്റെ മുതൽമുടക്കുണ്ടാവും. സാവി ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്ന അഞ്ച് കമ്പനികളാണ് ഈ പദ്ധതി നടപ്പാക്കുക. സൗദിയിൽ ഒരു ആഗോള ഗെയിം സ്റ്റുഡിയോ നിർമിക്കുക, സാവി ഗെയിമിങ് ഫണ്ട് സ്ഥാപിക്കുക എന്നിവയും ഗ്രൂപ്പിന്റെ പദ്ധതിയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.