ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജോർദാനിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ ആദരിച്ചത് ജോർദാനിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനാണ് സിവിൽ ബഹുമതിയായ 'ഹുസൈൻ ബിൻ അലി' മാല കിരീടാവകാശിയെ അണിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന വ്യതിരിക്തമായ ചരിത്രബന്ധങ്ങളുടെ ആഴവും കെട്ടുറപ്പും കണക്കിലെടുത്താണിത്.
ജോർദാനിലെ പരമോന്നത ബഹുമതികളിൽ ഒന്നാണ് 'ഹുസൈൻ ബിൻ അലി' മാല. ജോർദാൻ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാർക്കും രാജകുമാരന്മാർക്കും രാഷ്ട്രത്തലവന്‍മാർക്കുമാണ് ഇത് നൽകാറ്. 2017ൽ സൽമാൻ രാജാവിനും ഈ ബഹുമതി നൽകി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ആദരിച്ചിരുന്നു.
വിദേശ പര്യടനത്തിന് പുറപ്പെട്ട കിരീടാവകാശി ചൊവ്വാഴ്ചയാണ് ഈജിപ്തിൽ നിന്ന് ജോർദാനിലെത്തിയത്. ജോർദാനിലെ അമ്മാനിലെത്തിയ കിരീടാവകാശിയെ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ രാജാവ് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ജോർദാൻ കിരീടാവകാശി അമീർ അൽഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ജോർദാൻ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽസുദൈരി, സൗദിയിലെ ജോർദാൻ അംബാസഡർ അലി അൽകായ്ദി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.