റിയാദ്: സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലും ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിലും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രിസഭ യോഗം. ഇതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരാൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സൗദി-യുഎസ് സംയുക്ത നീക്കത്തിന്റെ ഫലമായി ജിദ്ദയിൽ നടന്ന ചർച്ചയിൽ സുഡാനിൽ ഏറ്റുമുട്ടുന്ന കക്ഷികൾ ഒപ്പുവെച്ച സിവിലിയൻ സംരക്ഷണവുമായി ബന്ധപ്പെട്ട കരാർ മന്ത്രിസഭ യോഗം അവലോകനം ചെയ്തു. കരാർ പാലനം ഉറപ്പുവരുത്താനും ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള അവസരങ്ങൾക്കായി ചർച്ചയുടെ വാതിലുകൾ തുറന്നിടാനും യോഗം സൈനിക വിഭാഗങ്ങളോട് ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന 32-ാമത് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അറബ് ലീഗ് അംഗരാജ്യങ്ങളുടെ നേതാക്കളെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ഗ്രൂപ്പ് വാർഷിക യോഗങ്ങളുടെ ഫലങ്ങൾ കാബിനറ്റ് അവലോകനം ചെയ്തു.
സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുക, വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ സംരംഭങ്ങൾ ചർച്ചയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പോയ ആഴ്ചകളിൽ ക്രിമിനൽ ശൃംഖലകൾ നടത്തിയ കള്ളക്കടത്ത് ശ്രമങ്ങളെ പരാജയപ്പെടുത്തിയതിനെയും മയക്കുമരുന്ന് വിരുദ്ധ സംരംഭങ്ങളുടെ നേട്ടങ്ങളെയും യോഗം പ്രശംസിച്ചു.
നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ബാധകമാക്കുന്നതിന് സർക്കാർ പ്രത്യേകം അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.