റിയാദ്: രാജ്യത്ത് വലിയ സാംസ്കാരിക വിനോദ പരിപാടികൾക്ക് അനുമതി നൽകി കുറഞ്ഞ കാലത്തിനുള്ളിൽ വൻ വികസന കുതിപ്പിൽ വിനോദ വ്യവസായം. രാജ്യത്ത് വിനോദ മേഖലയെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി രാജകീയ ഉത്തരവിലൂടെ 2016 മേയ് ഏഴിന് സ്ഥാപിതമായ ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (ജി.ഇ.എ) ഏഴുവർഷത്തിനിടെ രാജ്യത്താകെ 4500 ലധികം മെഗാ ഇവന്റുകൾക്കാണ് ലൈസൻസ് അനുവദിച്ചത്.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നൂറിലധികം നഗരങ്ങളിൽ ഇവന്റുകൾ സംഘടിപ്പിക്കുന്നതിനും ഈ രംഗത്ത് സേവനങ്ങൾ നൽകുന്നതിനുമായാണ് ലൈസൻസുകൾ അനുവദിച്ചത്. തത്സമയ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്ന റെസ്റ്റാറന്റുകൾക്കും കഫേകൾക്കും വിനോദ കേന്ദ്രങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നീ വിനോദ മേഖലകൾക്കും ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. 70 ലധികം വിദേശ കമ്പനികൾ വിനോദത്തിന്റെ വ്യത്യസ്ത മേഖലകളിൽ രാജ്യത്ത് പ്രവർത്തിക്കാൻ ഇതിനോടകം ലൈസൻസ് നേടിയിട്ടുണ്ട്.
ശൈത്യകാലം ആരംഭിക്കുന്നതോടെ സൗദി അറേബ്യയിൽ കലാകേന്ദ്രങ്ങൾ സജീവമാകും. വലുതും ചെറുതുമായ വേദികളിൽ വൈവിധ്യമായ പ്രകടനവുമായി സ്വദേശികളും വിദേശികളുമായ കലാകാരന്മാരെത്തും. റിയാദ് സീസണും മിഡിൽ ഈസ്റ്റും ഉൾെപ്പടെ വലിയ വേദികളും വിദേശ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിക്കുന്ന ഇടത്തരം വേദികളും ഉണരും. മാനദണ്ഡങ്ങൾ പാലിച്ചുള്ള എല്ലാ പരിപാടികൾക്കും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ലൈസൻസ് അനുവദിക്കുന്നുണ്ട്.
വിനോദ രംഗത്തെ സൗദിയിലെ സാധ്യതകൾ മനസ്സിലാക്കി വിദേശ കമ്പനികൾ രാജ്യത്ത് നിക്ഷേപം നടത്തുന്നുണ്ട്. കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വിനോദ മേഖലയിലെ വികസനവും വരുമാനവും. റിയാദ് നഗര ഹൃദയത്തിൽ ഒരുങ്ങുന്ന കിങ് സൽമാൻ അർബൻ പാർക്കും നഗരത്തോട് ചേർന്നുള്ള ഖിദ്ദിയ്യ നഗരവും ഉൾെപ്പടെയുള്ള കേന്ദ്രങ്ങൾ കൂടി പ്രവർത്തന സജ്ജമായാൽ രാജ്യത്തിന്റെയും തലസ്ഥാനത്തിന്റെയും മുഖച്ഛായ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.