റിയാദ്: സൗദിയില്‍ വിവിധ വേദികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക ഇനം വിസ നല്‍കാന്‍ തീരുമാനമായി. മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് ‘ഇവൻറ് വിസ’ ആരംഭിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിപാടികളുടെ സംഘാടകര്‍ വിദേശകാര്യ മന്ത്രാലയം, നാഷനല്‍ ഡാറ്റ സെൻറര്‍ എന്നിവയുമായി സഹകരിച്ചാണ് വിസ അനുവദിക്കുക.
വിദേശത്തെ എംബസികളില്‍ അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനകം വിസ അനുവദിക്കും. ഇവൻറുകള്‍ സംഘടിപ്പിക്കുന്നവർ പരിപാടിയെക്കുറിച്ച് രണ്ട് മാസം മുന്‍കൂട്ടി വിദേശകാര്യ മന്ത്രാലയത്തിനും നാഷനല്‍ ഡാറ്റാ സെൻററിനും വിവരം നല്‍കിയിരിക്കണം.
ഇതനുസരിച്ചാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ എംബസികളില്‍ നിന്ന് വിസ നല്‍കാന്‍ സംവിധാനം ഒരുക്കുക. മറ്റു സന്ദര്‍ശന വിസകള്‍ക്ക് ബാധകമായ ഫീസ് ഇവൻറ് വിസക്കും ബാധകമായിരിക്കും. രാജ വിജ്ഞാപനം എം 68ല്‍ പരാമര്‍ശിച്ചതനുസരിച്ചായിരിക്കും ഇവൻറ് വിസക്ക് ഫീസ് ഈടാക്കുക.
ആഭ്യന്തരം, വാണിജ്യം, നിക്ഷേപം, സംസ്കാരം എന്നീ മന്ത്രാലയങ്ങൾ, ദേശസുരക്ഷ അതോറിറ്റി, സൗദി ജനറല്‍ ഇന്‍വസ്റ്റ്മെൻറ് അതോറിറ്റി, ദേശീയ സ്പോര്‍ട്സ് അതോറിറ്റി, ദേശീയ വിനോദ അതോറിറ്റി എന്നിവയുമായി സഹകരിച്ച് വിസ നടപടികള്‍ ലളിതമാക്കാനും ഈ രംഗത്തുള്ള പ്രതിസന്ധികളെക്കുറിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദേശകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.