ദമ്മാം: സൗദി സിനിമകളെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ കിങ് അബ്ദുൽ അസീസ് സെന്‍റർ ഫോർ വേൾഡ് കൾചർ (ഇത്റ) അന്താരാഷ്ട്ര ചലച്ചിത്ര നിർമാണ കമ്പനി 'കാനു'മായി കൈകോർക്കുന്നു.
കാനിന്‍റെ സഹകരണത്തോടെ പുതിയ സിനിമകൾ നിർമിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി. സൗദി സിനിമകളിൽ കാണാത്ത കാഴ്ചവിസ്മയം സമ്മാനിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. കാമ്പുള്ള ഉള്ളടക്കവും ചിത്രീകരണ മികവും കൈവരിക്കുയാണ് ലക്ഷ്യം.
രാജ്യത്ത് സിനിമപ്രദർശനം തുടങ്ങി നാലുവർഷം പിന്നിടുകയും സിനിമ നിർമാണമേഖല കൂടുതൽ പുഷ്ടിപ്പെടുകയും ചെയ്തതോടെ അടുത്തഘട്ടത്തിലേക്ക് എത്തിക്കുകയാണ്.
കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 75ാമത് പതിപ്പിൽ സൗദി ഫിലിം കമീഷൻ തയാറാക്കിയ പവിലിയനിൽ ചലച്ചിത്ര പ്രതിഭകളുടെ വളർച്ചയെ വിശകലനം ചെയ്യുന്ന സെമിനാറിന് ഇത്റ നേതൃത്വം നൽകി. മികച്ച സിനിമചെയ്യാൻ ശക്തമായ കഥയും തിരക്കഥയും ആവശ്യമാെണന്ന ബോധ്യം പകരുകയും അവരെ അതിന് പ്രാപ്തമാക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്റ മുൻതൂക്കം നൽകുന്നത്. സൗദി സിനിമയുടെ ചരിത്രവും ഈ മേഖലയിലേക്കുള്ള വഴിയും വിശദമാക്കുന്ന സിനിമ നിർമിക്കും.
ഹസൻ സയീദിയാണ് സൗദി ചലച്ചിത്ര ചരിത്രത്തെ അഭ്രപാളിയിൽ എത്തിക്കുന്നത്. ഈ വർഷം അവസാനം ഇത് പ്രേക്ഷകരിലെത്തിക്കും. പ്രശസ്ത ഈജിപ്ഷ്യൻ തിരക്കഥാകൃത്തും നിർമാതാവുമായ മുഹമ്മദ് ഹെഫ്‌സി നിർമിക്കുന്ന സീ ഓഫ് സാൻഡ്സ്, സൗദി അവാർഡ് ജേതാവായ സ്വതന്ത്ര ചലച്ചിത്ര നിർമാതാവ് സയ്യിദ് അൽ ഫഹദ് നിർമിക്കുന്ന 'വാലി റോഡ്'എന്നീ ഫീച്ചർ ഫിലിമുകളും ഇത്റ നിർമിക്കും. ഈ രണ്ട് ചിത്രങ്ങളും അടുത്ത വർഷം റിലീസ് ചെയ്യും.
ഇറാനിയൻ ഒട്ടകത്തിന്‍റെ സാംസ്കാരിക പ്രാധാന്യത്തെയും ഇറാന്‍റെ ഭാവിയെയും രൂപകൽപന ചെയ്യുന്ന ഡോക്യുമെന്‍ററി അബ്ദുല്ല സുഹ്ർത്തി സംവിധാനം ചെയ്യും.
ഇത്റ ഇതുവരെ ചെയ്ത 20 സിനിമകളിൽ 15 എണ്ണം ദേശീയ, അന്തർദേശീയ അവാർഡുകൾ നേടി. രാജ്യത്തിന്‍റെ ചലച്ചിത്ര വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇത്റയിലെ പെർഫോമിങ് ആർട്‌സ് ആൻഡ് സിനിമയുടെ തലവൻ മജീദ് ഇസഡ് സമ്മാൻ പറഞ്ഞു.
ഈ വിഷയത്തിൽ ഉൾക്കാഴ്ചയുള്ള ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സൗദി ചലച്ചിത്ര നിർമാണ രംഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലെ പ്രധാന പ്രേരകശക്തിയാണ് ഇത്റ. സൗദി ഫിലിം പ്രൊഡക്ഷൻ, സൗദി ഫിലിം ഡേയ്‌സ്, വർഷം മുഴുവനും പരിപാടികൾ അവതരിപ്പിക്കുന്ന ഇത്റ ഫിലിം സൊസൈറ്റി എന്നിവ ഇതിന്റെ ഭാഗമാണ്.
സിനിമ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയും ഫിലിം കമീഷന്‍റെ പിന്തുണയോടെയും നടക്കുന്ന സൗദി ഫിലിം ഫെസ്റ്റും അരങ്ങേറുന്നത് ഇത്റയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.