ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ സ്വീകരിച്ചപ്പോൾ

സൗദി വിദേശകാര്യ മന്ത്രി ഇറാന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ തലസ്ഥാനമായ തഹ്റാനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചക്കിടയിൽ സൗദി അറേബ്യ സന്ദർശിക്കാനുള്ള സൽമാൻ രാജാവിന്റെ ക്ഷണം വിദേശകാര്യ മന്ത്രി ഇറാന്‍ പ്രസിഡന്റിന് കൈമാറി. കൂടിക്കാഴ്ചക്കിടയിൽ സൽമാൻ രാജാവിന്റേയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകളും അഭിനന്ദനങ്ങളും വിദേശകാര്യ മന്ത്രി അറിയിച്ചു.

ഇറാനിലെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. മറുപടിയായി ഇറാൻ പ്രസിഡൻറ് സൽമാൻ രാജാവിനും കിരീടാവകാശിക്കും ആശംസകളും അഭിനന്ദങ്ങളും നേർന്നു. സൗദി സർക്കാറിനും ജനങ്ങൾക്കും കൂടുതൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. സ്വീകരണ വേളയിൽ, ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളം ചർച്ച ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ ഇറാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംഭാഷണത്തിലും ആശയവിനിമയത്തിലുമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇറാൻ പ്രസിഡൻറ് പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സഹകരണവും ചർച്ചയും കൊണ്ട് മറികടക്കാനാകുമെന്നും ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Saudi Foreign Minister meets Iranian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.