റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ശനിയാഴ്ച തെഹ്റാൻ സന്ദർശിക്കും. ഏഴ് വർഷങ്ങൾക്കുശേഷം സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് സന്ദർശനം. കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിന് പിന്നാലെ ഏപ്രിൽ ഏഴിന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സാങ്കേതിക സംഘം എംബസിയും കോൺസുലേറ്റുകളും തുറക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി തെഹ്റാനിലും മശ്ഹദിലും സന്ദർശനം നടത്തിയിരുന്നെങ്കിലും അവ ഇനിയും തുറന്നിട്ടില്ല.എന്നാൽ, ഇറാൻ ഈമാസം ഏഴിന് റിയാദിലെ എംബസിയും പിറ്റേദിവസം ജിദ്ദയിലെ കോൺസുലേറ്റുകളും തുറന്ന് പ്രവർത്തനം ആരംഭിച്ചു.
സൗദി, ഇറാൻ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് അറബ് മേഖലയിലെ സമവാക്യങ്ങളിൽ മാറ്റം വരുത്തുകയും യമൻ, സിറിയ, ലബനാൻ പ്രതിസന്ധികൾ നീങ്ങിത്തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ തെഹ്റാൻ സന്ദർശനം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനുമായി ഫൈസൽ ബിൻ ഫർഹാൻ ചർച്ച നടത്തും.സൗദി ഭരണാധികാരി സൽമാൻ രാജാവും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഔദ്യോഗിക സന്ദർശനങ്ങൾക്ക് പരസ്പരം ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.