സൗദി ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടന്ന റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ അരങ്ങേറിയ വർണാഭമായ പരിപാടികൾ

റിയാദ്: ചരിത്രം കുറിച്ച് സൗദി ദേശീയ ഗെയിംസിന് തുടക്കം. സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായികമാമാങ്കത്തിന് ആരംഭം കുറിച്ച് വർണാഭമായ ഉദ്ഘാടന ചടങ്ങാണ് റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ അരങ്ങേറിയത്. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങ് നടന്ന റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ അരങ്ങേറിയ വർണാഭമായ പരിപാടികൾ

6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപർവൈസർമാരും പങ്കെടുക്കുന്ന 'സൗദി ഗെയിംസ് 2022' രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ പറഞ്ഞു. വേദിയിൽ എത്തിയ ഗവർണറെ കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ സ്വീകരിച്ചു. സൗദി ഗെയിംസ് സംഘാടക സമിതി ചെയർമാൻ കൂടിയാണ് കായിക മന്ത്രി.

പതാകകളുമേന്തി അത്‍ലറ്റുകളുടെ മാർച്ച് പാസ്റ്റ്

ദേശീയ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകകളും വഹിച്ച് അത്‍ലറ്റുകളുടെ മാർച്ച് നടന്നു. ഈ സുപ്രധാന കായിക മത്സരത്തിന് അനുമതിയും രക്ഷാകർതൃത്വവും പിന്തുണയും നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും കായികമന്ത്രി നന്ദി പറഞ്ഞു. 6,000-ത്തിലധികം പുരുഷ-വനിതാ കായിക താരങ്ങൾക്ക് മത്സരിക്കാനും അവരുടെ പ്രതിഭ മാറ്റുരക്കാനുമുള്ള സുവർണാവസരമാണ് കിരീടാവകാശി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സൗദി ഗെയിംസിന്റെ ആദ്യ പതിപ്പിൽ ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പതാകകളുമേന്തി അത്‍ലറ്റുകളുടെ മാർച്ച് പാസ്റ്റ്

200-ലധികം സൗദി ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് ഇത്രയധികം കായികതാരങ്ങൾ 40 കായിക ഇനങ്ങളിലായി മത്സരിക്കാനെത്തുന്നത്. ഇതിന് പുറമെ വിഭിന്നശേഷിക്കാരുടെ പാരാലിമ്പിക്‌സിൽ അഞ്ച് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നതെന്നും കായിക മന്ത്രി വിശദീകരിച്ചു. ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം നിർവഹിച്ച ഉടനെ സ്റ്റേഡിയത്തിന് മുകളിൽ ആകാശത്ത് വർണപ്രകാശം വാരി വിതറി കരിമരുന്ന് പ്രയോഗം അരങ്ങേറി. തുടർന്ന് ഒളിമ്പ്യൻ അത്‌ലറ്റുകൾ സൗദി ഗെയിംസിന്റെ ദീപശിഖ വേദിയിലെത്തിച്ച് കായിക മത്സരത്തിന് തുടക്കം കുറിച്ചു. വിവിധ കലാപരിപാടികളും ഡാൻസും അരങ്ങേറി.

റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം നിർവഹിക്കുന്നു

റിയാദ് നഗരത്തിലെ 22 സ്റ്റേഡിയങ്ങളിലായാണ് ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് പാരാലിമ്പിക് ഇനങ്ങളുൾപ്പടെ 45 കായിക ഇനങ്ങളിൽ നടക്കുന്ന 180 മത്സരങ്ങളിൽ 6,000-ലധികം പുരുഷ-വനിതാ അത്‍ലറ്റുകളാണ് പ​ങ്കെടുക്കുന്നത്. പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് ഈ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 20 കോടി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ഇനത്തിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാലാണ് സമ്മാനം. വെള്ളി മെഡലിന് മൂന്ന് ലക്ഷം റിയാലും വെങ്കലം മെഡലിന് ഒരു ലക്ഷം റിയാലുമാണ് സമ്മാനം.

കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു

സൗദി ഗെയിംസ് 2022 ആദ്യ പതിപ്പ് രാജ്യത്തെ വിവിധ ഗെയിമുകളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക ഇനങ്ങളിൽ അത്‍ലറ്റുകൾക്കിടയിൽ മത്സരത്തിന് അനുയോജ്യമായ കായിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനും ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രധാന കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശേഷി ഉയർത്തലും ലക്ഷ്യമാണ്.

Tags:    
News Summary - Saudi Games Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.