ജിദ്ദ: സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് വണ്‍, ഇന്ത്യന്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ് ലാബ് പോലുള്ള പരിപാടികള്‍ ഏറ്റവും വിജയകരമായി സംഘടിപ്പിച്ച ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യെറ്റിവിനെ (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യന്‍ വംശജരായ സൗദി കുടുംബങ്ങളെ പങ്കെടുപ്പിച്ച് സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് 2 പ്രകൃതിരമണീയമായ കേരളത്തില്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വറുതിയുടെ നാളുകളില്‍, പുണ്യഭൂമിയിലേക്കും അറേബ്യയുടെ ഇതരഭാഗങ്ങളിലേക്കും കുടിയേറ്റം നടത്തി, സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സൗദിയുടെ സമസ്ത മേഖലകളിലും വിജയഗാഥ രചിച്ച ഇന്ത്യന്‍ വംശജരായ അറബ് പ്രമുഖരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ഇന്ത്യയിലെ യുവതലമുറയെ പ്രചോദിതരാക്കാനും സഹസ്രാബ്ദങ്ങളായുള്ള ഇന്ത്യ-അറബ് ഇഴയടുപ്പം കൂടുതല്‍ ദൃഢതരമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അഞ്ച് സഹസ്രാബ്ദങ്ങളിലെ ഉറ്റ സൗഹൃദപ്പെരുമ’ ശീര്‍ഷകത്തില്‍ ഇരുനൂറോളം സൗദി-ഇന്ത്യന്‍ കലാകാരന്മാരെ അണിനിരത്തി 2024 ജനുവരി 19ന് ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും ജി.ജി.ഐയും സംയുക്തമായി സംഘടിപ്പിച്ച സംഗമത്തിൽ 5000ത്തിലധികം പേര് സംബന്ധിച്ചിരുന്നു. ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷനിലേക്ക് സ്ഥലംമാറിപ്പോകുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ജി.ജി.ഐ നല്കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞതും ശ്രമകരവുമായ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വന്‍വിജയമാക്കുന്ന ജി.ജി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഗുണനിലവാരമുള്ള സാംസ്കാരിക പരിപാടികള്‍ക്ക് മികച്ച ഉദാഹരണമായിരുന്നു പ്രഥമ സൗദി ഇന്ത്യാ ഫെസ്റ്റിവലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍സല്‍ ജനറലിനുള്ള ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന് ചെറൂപ്പ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട്, വൈസ് പ്രസിഡന്റുമാരായ ജലീല്‍ കണ്ണമംഗലം, കെ.ടി. അബൂബക്കര്‍, സാദിഖലി തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.