റിയാദ്: വ്യാപാര, വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുമെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. സൗദി ചേംബർ റിയാദിൽ സംഘടിപ്പിച്ച സൗദി-ഇന്ത്യൻ വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഇരുരാജ്യങ്ങളിലെയും ചേംബർ പ്രതിനിധികൾ ഒപ്പുവെച്ചു. മന്ത്രി പീയുഷ് ഗോയൽ, സൗദി ചേംബർ പ്രസിഡൻറ് ഹസൻ അൽ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തിൽ സൗദി ചേംബർ സെക്രട്ടറി ജനറൽ വലീദ് അൽ അറിനാൻ, ഐ.ടി.സി ഗ്രൂപ് ചെയർമാനും ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡൻറുമായ സഞ്ജീവ് പുരിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സൗദിയിലെ ഇന്ത്യൻ വ്യവസായികളുടെ സേവനം പ്രശംസനീയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നൂറിലധികം വാണിജ്യ വ്യവസായ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.ഉഭയകക്ഷി കരാറുകൾ, രണ്ട് രാജ്യങ്ങളുടെയും വ്യവസായ പങ്കാളിത്തത്തിൽ കുതിച്ചുചാട്ടം നടത്തുമെന്ന് റിയാദിൽ നടക്കുന്ന ഏഴാമത് സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ പങ്കെടുത്ത ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു.
സൗദിയുടെ പുരോഗതിക്കൊപ്പം ലുലുവും ദ്രുതഗതിയിൽ സഞ്ചരിക്കുന്നുവെന്നും സൗദിയിൽ 58 ലുലു ഹൈപ്പർ മാർക്കറ്റുകളുള്ള ലുലു 100 എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പിന്നിൽ സൗദി കിരീടാവകാശിയുടെ സഹായവും സഹകരണവും പിന്തുണയും നന്ദിയോടെ ഓർക്കുന്നുവെന്നും യൂസുഫലി കൂട്ടിച്ചേർത്തു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, അസ്സദ് അൽ ജുമായി, മാജിദ് അൽ ഒതായ്ശൻ എന്നിവരും സംബന്ധിച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.