റിയാദ്: ഡ്രോണുകളും വാഹനങ്ങളും നിർമിക്കാൻ സ്പാനിഷ് കമ്പനികളെ ക്ഷണിച്ച് സൗദി അറേബ്യ. ഡ്രോൺ, ഓട്ടോ മൊബൈൽ വ്യവസായങ്ങൾ സ്വദേശിവത്കരിക്കാനും ജിയോളജിക്കൽ സർവേ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുമുള്ള സംയുക്ത അവസരങ്ങളെക്കുറിച്ച് സ്പെയിൻ, സൗദി തല ചർച്ച നടന്നു.
മഡ്രിഡിൽ പ്രമുഖ സ്പാനിഷ് കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫാണ് ചർച്ച നടത്തിയത്.
വ്യവസായത്തിനുള്ള ദേശീയ തന്ത്രം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണിത്. ഹെവി-ലിഫ്റ്റ് ഡ്രോണുകളുടെയും അവയുടെ ഘടകങ്ങളുടെയും നിർമാണം, ഓട്ടോമൊബൈൽ നിർമാണം, എൻജിനീയറിങ്, ഡിസൈൻ, കപ്പൽ നിർമാണം, അവയുടെ നിർമാണ വിതരണ ശൃംഖല പരിപാലിക്കൽ എന്നിവ സ്വദേശിവത്കരിക്കുന്നത് ഇതിലുൾപ്പെടുന്നു.
സമഗ്രവും സുസ്ഥിരവുമായ ജിയോളജിക്കൽ സർവേ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന് പുറമേയാണിത്. ഡ്രോണുകളുടെ നിർമാണത്തിൽ വൈദഗ്ധ്യമുള്ള ഡ്രോൺ ഹോപ്പർ, ഫെറോഗ്ലോബ് ഖനന കമ്പനി, ഐഡിയഡ, സിമൻറ്, ഹെവി ഉപകരണ വ്യവസായങ്ങൾ എന്നിവ നൽകുന്നതിൽ പ്രമുഖരായ റെയ്നാസ ഫോർജിൻസ് ആൻഡ് കാസ്റ്റിങ് കമ്പനി, ഓട്ടോമൊബൈൽ ഡിസൈനിലും എൻജിനീയറിങ്ങിലും മുൻനിരയിലുള്ള എക്സ്കാലിബർ സർവേയിങ് കമ്പനി എന്നീ പ്രമുഖ കമ്പനികളുമായാണ് ചർച്ച നടത്തിയത്.
സ്പെയിനിലെ സൗദി അംബാസഡർ അമീറ ഹൈഫ ബിൻത് അബ്ദുൽ അസീസ്, നാഷനൽ സെൻറർ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് സി.ഇ.ഒ എൻജിനീയർ സാലിഹ് അൽ സലാമി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.