സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു; ഭാര്യ ഇക്കാര്യമറിഞ്ഞത്​ പിറ്റേന്ന്​

റിയാദ്​: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്​സ്​ വിസയിൽ സൗദിയിലേക്ക്​ പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ജോമി (31) ആണ്​ തിങ്കളാഴ്​ച രാത്രിയിൽ ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്​.

ഒരു റിക്രൂട്ടിങ്​ കമ്പനിയുടെ നഴ്​സ്​ വിസയിൽ ഞായറാഴ്​ച റിയാദിലെത്തിയ​ ഭാര്യ അനുഷ വർഗീസ്​ ഭർത്താവി​െൻറ​ മരണമറിഞ്ഞത് ചൊവ്വാഴ്​ചയാണ്​​​. സൗദിയിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ 14 ദിവസം ക്വാറൻറീൻ എന്ന നിബന്ധന പാലിക്കാൻ ഇൗ മാസം രണ്ടിനാണ്​​​ ജോമി ദുബൈയിലെത്തിയത്​. ആരോഗ്യപ്രവർത്തക എന്ന നിലയിൽ ആ തടസ്സമില്ലാത്തതിനാൽ ദിവസങ്ങൾക്ക്​ ശേഷം അനുഷയും സൗദിയിലേക്ക്​ വിമാനം കയറി. ​

റിയാദിന്​ സമീപം അൽഖർജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ജോമി കോവിഡ്​ വ്യാപനത്തിന്​ തൊട്ടുമുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​. ജനുവരിയിൽ അനുഷ വർഗീസിനെ വിവാഹം കഴിച്ചു. ഇതിനിടയിൽ കോവിഡ്​ വന്നതോടെ സൗദിയിലേക്കുള്ള തിരിച്ചുവരവ്​ മുടങ്ങി. അബ്​ദൽ റിക്രൂട്ട്​മെൻറ്​ കമ്പനിയുടെ കീഴിൽ അനുഷക്ക്​ റിയാദിലേക്കുള്ള വിസ ശരിയായതോടെ ഒരുമിച്ച്​ കഴിയാമല്ലോ എന്ന സന്തോഷത്തിലാണ്​ ജോമി സൗദിയിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങിയത്​.

14 ദിവസം എന്ന കടമ്പയുള്ളതിനാൽ ജോമി നേരത്തെ പുറപ്പെട്ടു. ദുബൈയിലുള്ള സഹോദരൻ നിഥി​െൻറ കൂടെ കഴിയുന്നതിനിടെയാണ്​ നെഞ്ചുവേദനയുണ്ടായത്​. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിക്രൂട്ട്​ ചെയ്യപ്പെട്ട മറ്റ്​ നഴ്​ സുമാരോടൊപ്പമാണ്​ അനുഷ സൗദി എയർലൈൻസിൽ ഞായറാഴ്​ച​ റിയാദിലെത്തിയത്​. തിങ്കളാഴ്​ച റിയാദ്​ കെയർ ആശുപത്രിയിലെത്തി ജോലിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്​തു. എന്നാൽ ഭർത്താവ്​ ആശുപത്രിയിലാതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല.

റിയാദിലുള്ള മലയാളി നഴ്​സ് ആനി സാമുവൽ വഴി സാവകാശം അനുഷയെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട് അബ്​ദൽ കമ്പനി മാനേജുമെൻറുമായി ബന്ധപ്പെട്ട്​ അനുഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്​. ജോമിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്ക്​ സൗദിയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഇർഫാൻ മുഹമ്മദും രംഗത്തുണ്ട്​. യോഹന്നാൻ ജോസഫാണ്​ മരിച്ച ജോമിയുടെ പിതാവ്​. അമ്മ: മോളിക്കുട്ടി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.