സ്വന്തം ലേഖകൻ
റിയാദ്: സൗദിയിൽ ജൈവ കോഴി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം തുടക്കം കുറിച്ചു. ജൈവ കോഴിഫാമുകൾ സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിൽ സ്ഥലം ലഭ്യമാക്കൽ, അനുയോജ്യമായ വായ്പകൾ ലഭ്യമാക്കൽ, നിയമ നിർമാണത്തിലൂടെ സാങ്കേതിക പിന്തുണ നൽകൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
2033ഓടെ ജൈവ ഉൽപാദനം അഞ്ചു ശതമാനമായി ഉയർത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടതെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് അൽഇയാദ പറഞ്ഞു.
ജൈവ കോഴി ഉൽപാദനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ പൗൾട്രി കമ്പനി ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കോഴി ഉൽപാദനം നല്ല കാർഷിക മാനദണ്ഡങ്ങളും രീതികളും പാലിച്ചാണ് നടക്കുന്നത്. പൗൾട്രി മേഖലയിൽ 1,700 കോടി റിയാലിന്റെ പുതിയ നിക്ഷേപങ്ങൾ നടത്താനും 2025ഓടെ കോഴിയിറച്ചി മേഖലയിൽ സ്വയം പര്യാപ്തത 80 ശതമാനമായി ഉയർത്താനും കോഴി ഉൽപാദന വികസന പദ്ധതി ലക്ഷ്യ
മിടുന്നു.
2018 മുതൽ 2022 വരെയുള്ള കാലത്ത് ജൈവ കൃഷി വിസ്തൃതി 25 ശതമാനം തോതിൽ ഉയർന്നിട്ടുണ്ട്. ഇക്കാലയളവിൽ ജൈവ ഉൽപാദനം 108 ശതമാനത്തിലേറെ ഉയർന്നു. ജൈവ കൃഷിയിലേക്കുള്ള പരിവർത്തനഘട്ടത്തിലുള്ള കൃഷിയിടങ്ങളുടെ എണ്ണം 200 ശതമാനം എന്ന തോതിൽ വർധിച്ചിട്ടുണ്ട്.
ജൈവ കോഴിയിറച്ചി സംസ്കരണ ഫാക്ടറികൾ, ജൈവ കോഴി ഫാമുകൾ സ്ഥാപിക്കൽ, ജൈവ കോഴി ഉൽപാദനത്തിൽ നിക്ഷേപം നടത്തി പ്രാദേശിക കോഴി ഉൽപാദന കമ്പനികൾ വിപുലീകരിക്കൽ എന്നിവ അടക്കം സൗദിയിൽ ജൈവ കോഴി ഉൽപാദന മേഖലയിൽ മികച്ച നിക്ഷേപാവസരങ്ങളുള്ളതായും എൻജി. അഹ്മദ് അൽഇയാദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.