റിയാദ്: വെടിനിർത്തലിനിടയിലും ഒറ്റപ്പെട്ട സ്ഫോടനങ്ങളും അക്രമങ്ങളും തുടരുന്ന സുഡാനിൽ പ്രശ്നപരിഹാരത്തിനുള്ള സൗദി, അമേരിക്ക സംയുക്ത ശ്രമം തുടരുമെന്ന് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രാലയം. ജിദ്ദയിൽ നടക്കുന്ന ചർച്ചകളിൽ ഭാഗഭാക്കാകുന്നത് തുടരില്ലെന്ന സൈന്യത്തിന്റെ നിലപാടിനെ തുടർന്നാണ് സൗദി അറേബ്യയുടെ പ്രസ്താവന. സുഡാനിലെ സായുധസേനയുടെയും റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ തമ്മിലുള്ള ഔപചാരിക ചർച്ച പുനരാരംഭിക്കാനാണ് സൗദി അറേബ്യയും അമേരിക്കയും ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
‘സൗദിയും യു.എസും സുഡാനിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയും വെടിനിർത്തൽ കരാർ അംഗീകരിക്കാനും ഫലപ്രദമായി നടപ്പാക്കാനും പാർട്ടികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു’ -പ്രസ്താവനയിൽ പറയുന്നു. സുഡാനിൽ ഏറ്റുമുട്ടുന്ന സൈനികവിഭാഗങ്ങളുടെ പ്രതിനിധികൾ ഇപ്പോഴും ജിദ്ദയിലുണ്ടെന്നും ദൈനംദിന ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മാനുഷിക സഹായം സുഗമമാക്കുന്നതിലും ചർച്ചകൾ പുനരാരംഭിക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നടപടികളിൽ ധാരണയിലെത്തുന്നതിലുമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സിവിലിയന്മാരെ സംരക്ഷിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത പാലിക്കണമെന്നും കരാർ വ്യവസ്ഥകൾ നടപ്പാക്കണമെന്നും സുഡാനിലെ സൈനികകക്ഷികളെ പ്രസ്താവന ആവർത്തിച്ച് ഓർമിപ്പിച്ചു. അബ്ദുൽ ഫത്താഹ് ബുർഹാന്റെ സായുധസേനയും മുഹമ്മദ് ഹംദാൻ ദഗ് ലുവിന്റെ റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ഏപ്രിൽ 15ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം സുഡാനെ വലിയ അരാജകത്വത്തിലേക്കാണ് തള്ളിവിട്ടത്. സൗദി യു.എസ് സംയുക്ത ശ്രമത്തിൽ ജിദ്ദയിൽ നടന്ന ചർച്ചക്കൊടുവിൽ മേയ് 21ന് ഒരു ഹ്രസ്വകാല വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്തിന് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിന് ഈ കരാർ ഏറെ സഹായകമായി. എന്നാൽ, ജിദ്ദയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇനി പങ്കെടുക്കില്ലെന്ന് സൈന്യം ബുധനാഴ്ച പ്രഖ്യാപിച്ചത് സൗദി, യു.എസ് ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മധ്യസ്ഥശ്രമം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പോരാട്ടം തലസ്ഥാനമായ ഖർത്തൂമിനെയും മറ്റു നഗരപ്രദേശങ്ങളെയും യുദ്ധക്കളങ്ങളാക്കി മാറ്റിയിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തുടനീളം വ്യാപകമായ കൊള്ളയും നശീകരണവുമുണ്ടായി. ജനങ്ങൾ വൻതോതിൽ അയൽരാജ്യങ്ങളിലേക്കും സുരക്ഷിത മേഖലകളിലേക്കും പലായനം ചെയ്തു. 17 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായാണ് യു.എന്നിന്റെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.