ജിദ്ദ: സൗദിയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളിൽ അധ്യാപകർ ഇന്നലെ മുതൽ എത്തി തുടങ്ങി. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട സ്കൂളുകൾ ആഗസ്റ്റ് 29 ഞായറാഴ്ച മുതൽ തുറക്കാൻ പോകുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് ഒരാഴ്ച മുമ്പ് അധ്യാപകർ സ്കൂളുകളിലെത്തിയത്. ആഗസ്റ്റ് 22 ഞായറാഴ്ച മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു.
ചില സ്കൂളിൽ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ മുഴുവൻ മേഖലയിലെയും സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർ മീഡിയറ്റ്, സെക്കന്ററി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കേണ്ട പ്രോട്ടോക്കോളുകൾ സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വിദ്യാഭ്യസ മന്ത്രി പുറപ്പെടുവിച്ചിരുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ സ്കൂളുകൾ തുറക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം ശഹ്രി പറഞ്ഞു. മാസ്കുകൾ, തെർമൽ കാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെയും അധ്യാപകരുടെയും തിരിച്ചുവരവ് സുരക്ഷിതമാക്കാൻ ആരോഗ്യമന്ത്രാലയവും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) യുമായി പൂർണമായ സഹകരണമുണ്ടെന്നും വിദ്യാഭ്യസ മന്ത്രാലയ വക്താവ് പറഞ്ഞു.
ജീവനക്കാർ, അധ്യാപകർ, 12 വയസ്സിൽ കൂടുതലുള്ള വിദ്യാർഥികൾ എന്നിവർക്ക് സ്കൂളുകളിൽ ഹാജരാകുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന് നിബന്ധന നിശ്ചയിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്തവരെ സ്ക്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അവരെ ഹാജരില്ലാത്തവരായി കണക്കാക്കുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.