സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ സി.എൻ.എൻ ചാനലിനോട് സംസാരിക്കുന്നു

വിജയം അറബ് ലോകത്തിന്റേതെന്ന് കായിക മന്ത്രി

റിയാദ്‌: ലോകകപ്പിൽ അർജന്റീനക്കെതിരായ സൗദി അറേബ്യയുടെ ഐതിഹാസിക വിജയം അറബ്, മുസ്‍ലിം ലോകത്തിന് മുഴുവൻ ആഘോഷമായി മാറിയെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്ര വിജയത്തെത്തുടർന്ന് സി.എൻ.എൻ ലേഖിക ബെക്കി ആൻഡേഴ്സന് അനുവദിച്ച അഭിമുഖത്തിൽ ഈ വിജയം അവിശ്വസനീയമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് മാത്രമല്ല അറബ്-മുസ്‌ലിം ലോകത്തിന് മുഴുവൻ അത് അഭിമാനകരമായി. അത്തരം സന്ദർഭങ്ങളിൽ അത് ആഘോഷമായി മാറുക സ്വഭാവികമാണെന്ന് അമീർ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

രണ്ടുവർഷമായി കായിക രംഗത്ത് ഞങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ ഫലം കൂടിയാണിത്. ആവാസ വ്യവസ്ഥയിലും മനുഷ്യരുടെ ആരോഗ്യത്തിലും കരുതലുള്ള രാജ്യമെന്ന നിലക്ക് കായികരംഗത്ത് ഞങ്ങൾ കൂടുതൽ ശ്രദ്ധയൂന്നുന്നു. കായിക രംഗത്ത് താൽപര്യമുള്ളവരാണ് സൗദികളെന്ന് ലോകത്തിനറിയാം. 2018ൽ ഞങ്ങൾ ബോക്സിങ് അന്താരാഷ്ട്ര മത്സരം നടത്തുമ്പോൾ അതിനായി സൗദിയിൽ ആറ് ജിമ്മുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്നത് 57 എണ്ണമാണ്.

രാജ്യത്തിന്റെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന്റെ ലക്ഷ്യം 40 ശതമാനം സൗദി പൗരന്മാർ നിത്യേന അര മണിക്കൂറെങ്കിലും ശാരീരിക വ്യായാമത്തിലോ, കായിക വിനോദങ്ങളിലോ ഏർപ്പെടുക എന്നുള്ളതാണ്. 2022 ആയപ്പോഴേക്കും അത് 48 ശതമാനമായി. 'പുറത്ത് നിന്ന് സൗദിയെ വിമർശിക്കുന്നവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങളുടെ രാജ്യത്തേക്ക് വരൂ; ജനങ്ങൾക്കും രാജ്യത്തിനും ഭവിതലമുറക്കും വേണ്ടി ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ എന്നിട്ട് വിമർശിക്കൂ' എന്ന് ലേഖികയുടെ ചോദ്യത്തിന് മറുപടിയായി കായിക മന്ത്രി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ലോകകപ്പ് സീസണിൽ സൗദി അറേബ്യക്ക് വേണ്ടി കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ 'എന്തുകൊണ്ട് ആയിക്കൂടാ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഞങ്ങൾക്ക് ശക്തമായ ലീഗുകളുണ്ട്. ഓരോ ടീമിലും ഞങ്ങൾക്ക് ഏഴ് വിദേശ കളിക്കാർ വീതമെങ്കിലും ഉണ്ട്. അവരുടെ എണ്ണം വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് അല്ലെങ്കിൽ ലിവർപൂൾ ഫുട്ബാൾ ടീമുകൾക്കായി സൗദി ശ്രമിക്കുന്നതായ വർത്തകളെപ്പറ്റിയുള്ള ചോദ്യത്തിന് ഇക്കാലത്ത് എല്ലാം സാധ്യമാണെന്നാണ് മന്ത്രി പ്രതികരിച്ചത്.

'പക്ഷേ ഈ റിപ്പോർട്ടുകളെക്കുറിച്ച് എനിക്കറിയില്ല... മറ്റെല്ലാ കാര്യങ്ങളെയും പോലെ ഞങ്ങൾ എല്ലാ അവസരങ്ങളും നോക്കുന്നു. ഈ അവസരങ്ങൾ ജീവിതത്തിലൊരിക്കലാണെന്ന് ഞങ്ങൾ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, അത് പ്രയോജനപ്പെടുത്തേണ്ടതുണ്ട്' -അമീർ അബ്ദുൽ അസീസ് വ്യക്തമാക്കി.

2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ശ്രമിക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. 'ആരാണ് അത് ഇഷ്ടപ്പെടാത്തത്? ഫുട്‌ബാളിനോട് പ്രതിപത്തിയുള്ള ഏത് രാജ്യവും ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കും. ഇതൊരു അത്ഭുതകരമായ ടൂർണമെന്റാണ്. ഇത് ലോകത്തുള്ള ആളുകളെ ഒരുമിപ്പിക്കുന്നു. ഖത്തറിൽ ഞങ്ങൾ അത് കാണുന്നുണ്ട്' -കായിക മന്ത്രി നിലപാട് വ്യക്തമാക്കി.

Tags:    
News Summary - Saudi sports minister said that the victory belongs to the Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.