റിയാദ്: 2030 ഓടെ 33 കോടി യാത്രക്കാരെയും ലോകത്താകെ 250 ലക്ഷ്യസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് വൻ കുതിപ്പിനാണ് സൗദി അറേബ്യയുടെ വ്യോമഗതാഗത മേഖല ഒരുങ്ങുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) മേധാവി അബ്ദുൽ അസീസ് അൽ ദുവൈലെജ് പറഞ്ഞു.
ഈജിപ്തിലെ അലമൈൻ ജദീദ് സിറ്റിയിൽ ‘ഈജിപ്ത് ഇന്റർനാഷനൽ എയർ ആൻഡ് സ്പേസ് എക്സിബിഷനി’ൽ പങ്കെടുക്കുന്നതിനിടെ ‘അൽ അറബിയ ചാനലിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സൗദിയുടെ വ്യോമഗതാഗത പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്.
വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും സിവിൽ, മിലിട്ടറി എയർക്രാഫ്റ്റ് മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നതിനും അവരുടെ നിർമിതികളെകുറിച്ച് അറിയാനുമാണ് ഈ എക്സിബിഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ ദേശീയ വ്യോമയാന തന്ത്രം നിശ്ചിത പദ്ധതി പ്രകാരം മുന്നോട്ടുപോകുകയാണ്.
2030 ഓടെ യാത്രക്കാരുടെ എണ്ണം 10 കോടിയിൽനിന്ന് 33 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണം കോവിഡ് കാലത്തിന് മുമ്പുള്ള എണ്ണത്തേക്കാൾ കൂടിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച പ്രാദേശിക, അന്തർദേശീയ യാത്രക്കാരുടെ എണ്ണം 11.2 കോടിയിലെത്തി.
മുമ്പ് ലോകവ്യാപകമായി 100ൽ താഴെ ലക്ഷ്യസ്ഥാനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നേരിട്ട് 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവിസുണ്ട്. 2030ഓടെ 250 അല്ലെങ്കിൽ അതിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉയരുമെന്നും അൽ ദുവൈലജ് പറഞ്ഞു,
വിമാനം വഴിയുള്ള ചരക്കുനീക്കം 10 ലക്ഷം ടൺ കവിഞ്ഞു. 2030ഓടെ ഇത് 45 ലക്ഷം ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം. സൗദി എയർലൈൻസാണ് സൗദിയിലെ പ്രധാന കാരിയർ. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമമുണ്ട്. പുതുതായി 105 വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ ഒപ്പിട്ടത് അടുത്തിടെയാണ്. സൗദി എയർലൈൻസിന്റെ ഹോം എയർപോർട്ടായി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റിയിട്ടുണ്ട്.
ഫ്ലൈനാസ്, ഫ്ലൈ അദീൽ തുടങ്ങിയ മറ്റ് വിമാന കമ്പനികളിൽ വലിയ വിപുലീകരണ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ വിമാനങ്ങൾ വാങ്ങുന്നതിന് വലിയ ഡീലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി വിമാനത്താവളങ്ങളിൽ സ്വകാര്യ എയർലൈൻ കമ്പനികൾക്ക് പുതിയ ലൈസൻസ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അൽ ദുവൈലെജ് പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. റിയാദിലെ നിർദിഷ്ട കിങ് സൽമാൻ വിമാനത്താവള പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു. എൻജിനീയറിങ് ജോലികൾ ആരംഭിക്കുന്നതിന് കൺസൽട്ടിങ് കമ്പനികളുമായി അടുത്തിടെ കരാർ ഒപ്പിട്ടു.
പ്ലാൻ അനുസരിച്ച് ജോലി പുരോഗമിക്കുന്നു. 2030ഓടെ കിങ് സൽമാൻ വിമാനത്താവളം 10 കോടി യാത്രക്കാരെ മറികടക്കും. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിന്റെ വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
12 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഉയർത്തുന്നതിനുള്ള വിശദമായ പദ്ധതിയും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിന്റെ വിപുലീകരണവും നടന്നുവരികയാണെന്നും അൽ ദുവൈലജ് പറഞ്ഞു. അബഹ വിമാനത്താവളത്തിന്റെ ശേഷി 15 ലക്ഷത്തിൽനിന്ന് 1.3 കോടി ഉയർത്താനും പദ്ധതിയുണ്ടെന്നും അൽ ദുവൈലജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.