ജിദ്ദ: സൗദി അറേബ്യയിൽനിന്ന് ഇഷ്യു ചെയ്യുന്ന എല്ലാത്തരം വിസകളും ഇനിയൊറ്റ വെബ് പോർട്ടലിൽനിന്ന് ലഭിക്കും. ‘സൗദി വിസ’ എന്ന പേരിൽ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ‘ഡിജിറ്റൽ ഗവൺമെൻറ് ഫോറം 2023’ലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
മന്ത്രാലയത്തിന്റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണിത്. ‘സൗദി വിസ’ പോർട്ടൽ എല്ലാ സർക്കാർ വകുപ്പുകൾക്കും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമാണെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽമൻസൂരി ‘ഡിജിറ്റൽ ഗവൺമെന്റ് അഫോറ’ത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ സഹായിക്കും.
അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യ സ്ഥാപിച്ച ശേഷം നിലവിൽവന്ന വിസ സമ്പ്രദായത്തിെൻറ 92 വർഷത്തിലേറെ പഴക്കമുള്ള ചിത്രം അൽമൻസൂരി പ്രസംഗത്തിൽ വിവരിച്ചു. വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിെൻറ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇന്ന് ഇഷ്യൂ ചെയ്യാൻ കഴിയും.
വിസ ഇഷ്യൂ ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്ഡേറ്റ് ചെയ്ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡേറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ടെന്നും അൽമൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.