റിയാദ്: സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ രണ്ടാഴ്ച മുമ്പ് ജിദ്ദയിൽ തുടങ്ങി റിയാദിൽ പര്യവസാനിച്ച അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെന്റിന്റെ പ്രഥമ കിരീടം ശക്തരായ അൽ നസ്ർ വനിതാ വോളി ക്ലബ്ബ് സ്വന്തമാക്കി. റിയാദ് നസ്റിയ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പോരാട്ട വീര്യം പുറത്തെടുത്ത അൽ ഇത്തിഹാദ് ക്ലബ്ബിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (17-25, 20-25,19-25) അൽനസ്ർ ക്ലബ്ബ് പരാജയപ്പെടുത്തിയത്.
2034 ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ അമീറ ദലീൽ ബിൻത് നഹർ ബിൻ സഊദ് വിജയികൾക്ക് ട്രോഫിയും മൂന്ന് ലക്ഷം റിയാലിന്റെ കാഷ് അവാർഡും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ അൽ ഇത്തിഹാദിന് ട്രോഫിയും 2.3 ലക്ഷത്തിന്റെ കാഷ് പ്രൈസും നൽകി. ചടങ്ങിൽ സ്പോർട്സ് അതോറിറ്റി ഭാരവാഹികൾ, സൗദി വോളിബാൾ ഫെഡറേഷൻ കമ്മിറ്റിയംഗങ്ങൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നേരത്തേ നടന്ന സെമി ഫൈനലിൽ അൽ നസ്ർ, സുൽഫിയെയും അൽ ഇത്തിഹാദ്, അൽ റിയാദിനെയും തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. സുൽഫി ക്ലബ്ബും അൽ റിയാദും തമ്മിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ സുൽഫി മൂന്നാം സ്ഥാനവും അൽ റിയാദ് നാലാം സ്ഥാനവും ഉറപ്പാക്കി. സുൽഫിക്ക് 1.7 ലക്ഷവും അൽ റിയാദിന് 1.2 ലക്ഷവും സമ്മാനത്തുകയായി ലഭിച്ചു. രാജ്യത്തെ എട്ടു പ്രമുഖ ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ അൽ ഹിലാൽ, അൽ അഹ്ലി, പോയിൻക്സ്, ഖാദിസിയ ടീമുകൾ യഥാക്രമം ബാക്കി നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
\
പത്തു ലക്ഷം റിയാലായിരുന്നു മൊത്തം സമ്മാനത്തുക. മത്സരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായിരുന്നുവെന്നും ബ്രസീൽ, സെർബിയ, തുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വലിയ കളിക്കാർ അണിനിരന്ന ടീമുകളാണ് മത്സരിച്ചതെന്നും സ്റ്റാർ റിയാദ് വോളിബാൾ കോച്ചും സുൽഫി ക്ലബ് അസിസ്റ്റന്റ് കോച്ചുമായ ഷിബു ബെൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.