റിയാദ്: സൗദി അറേബ്യയിലേക്ക് അതിവേഗ ടൂറിസം വിസ അനുവദിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്ക,യു.കെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സന്ദർശക,ബിസിനസ്സ് വിസയുള്ളവർക്കും ഈ രാജ്യങ്ങളിലെ സ്ഥിര താമസ രേഖയുള്ളവർക്കുമായിരിക്കും പുതിയ വിസയുടെ ആനുകൂല്യം ലഭ്യമാകുക. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mofa.gov.sa വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടതെന്ന് ടൂറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
സൗദി അറേബ്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ പൈതൃകവും ചരിത്രവും അറിയാനും ആസ്വദിക്കാനും താൽപര്യമുള്ളവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിസ നിയമം. 2030 ഓടെ വർഷത്തിൽ 10 കോടി വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുകയാണ് ലക്ഷ്യം. സാധുവായ സന്ദർശക, ബിസിനസ്സ് വിസ ഉള്ളവർക്കാണ് ഇ-വിസ നൽകുക. ഒരു തവണയെങ്കിലും വിസ അനുവദിച്ച രാജ്യത്ത് പ്രവേശിച്ചവരായിരിക്കണം അപേക്ഷകർ എന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നുണ്ട്. സ്ഥിര താമസ രേഖയുള്ളവരുടെ മാതാപിതാക്കൾ, സഹോദരൻ, സഹോദരി, മക്കൾ എന്നിവർക്കും ഇ-വിസക്ക് അപേക്ഷിക്കാം. ഇ-വിസയിൽ രാജ്യത്തെത്തുന്നവർക്ക് തീർത്ഥാടന സീസണുകളിൽ ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾക്കായി പുണ്യ നഗരിയിൽ പ്രവേശിക്കുക അനുവദനീയമായിരിക്കില്ല.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന കലാകാരൻമാർ,രാഷ്ട്രീയ നേതാക്കൾ, തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്ത വ്യക്തികളിൽ പലരും അമേരിക്ക, യു.കെ, ഷെങ്കൻ വിസയുള്ളവരാണ്. അവർക്കെല്ലാം വിസ നിയമത്തിലെ മാറ്റം ഉപകാരപ്പ്രദമാകും. നിലവിൽ സൗദിയിലേക്കുള്ള സന്ദർശന വിസ പതിക്കാൻ വി.എഫ്.എസ്‍ കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നൂലാമാല ഉള്ളത് കൊണ്ട് പലരും സൗദി യാത്രക്ക് വിസമ്മതിക്കുന്ന അവസ്ഥയിലിരിക്കെയാണ് ആശ്വാസകരമായ പുതിയ ഇ-വിസ പ്രാബല്യത്തിലായത്.
യു.എസ്,യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ വിസയുള്ളവർക്ക് നിലവിൽ സൗദി വിമാനത്താവളങ്ങളിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നുണ്ട്. എന്നാൽ പലരും രാജ്യത്ത് എത്തുമ്പോൾ മറ്റെന്തെങ്കിലും പ്രതിസന്ധി നേരിടേണ്ടി വരുമോ എന്ന് ഭയന്ന് ഓൺ അറൈവൽ വിസയോട് അത്ര അനുകൂലമായ നിലപാട് സ്വീകരിക്കാറില്ല. ഇനി മുതൽ നേരത്തെ വിസക്ക് അപേക്ഷിച്ച് വിസ ലഭിച്ചതിന് ശേഷം യാത്രക്ക് ഒരുങ്ങിയാൽ മതി. സുരക്ഷിതവും സമാധാനപരവുമായ യാത്രയാണ് പുതിയ നിയമം വഴി ലഭിക്കുന്ന ഗുണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.