സൗദി എയർലൈൻസ് വിമാനം ഖാർത്തും വിമാനത്താവളത്തിൽ

'സൗദിയ' വിമാനത്തിന് നേരെ വെടിയുതിർത്തു; സുഡാനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) വിമാനത്തിന് നേരെ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെടിയുതിർത്തതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചു. സുഡാനിൽ ഇപ്പോൾ നടക്കുന്ന സൈനിക ആർധസൈനിക ഏറ്റുമുട്ടലിനിടെയാണ് വിമാനത്തിന് നേരെ വെടിയുതിർത്തത്.

ഇതേ തുടർന്ന് സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി 'സൗദിയ' അറിയിച്ചു. ശനിയാഴ്ച രാവിലെ 7.30ന് റിയാദിലേക്ക് പറന്നുയരുന്നതിന് മുമ്പാണ് എയർബസ് 4330 (ഫ്ലൈറ്റ് നമ്പർ 59458) ന് നേരെ വെടിവെപ്പുണ്ടായതെന്ന് സൗദിയ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

തിരിച്ചുപറക്കലിനുള്ള തയ്യാറെടുപ്പിനിടെ വെടിയേറ്റ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നസമയത്താണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കില്ല. വിമാന ജീവനക്കാർ അടക്കമുള്ളവരെ ഖാർത്തൂമിലെ സൗദി എംബസിയിൽ എത്തിച്ചതായും സൗദിയ സ്ഥിരീകരിച്ചു.

സുഡാന് മുകളിലൂടെ പറക്കുന്ന തങ്ങളുടെ വിമാനങ്ങളുടെ റൂട്ടിൽ മാറ്റം വരുത്തുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. 'സൗദിയ'യുടെ അടിയന്തര ഏകോപന കേന്ദ്രം (എമർജൻസി കോർഡിനേഷൻ സെന്റർ) ഖാർത്തൂമിലെ സൗദി എംബസിയുമായും ഔദ്യോഗിക ഏജൻസികളുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

വെടിയുതിർക്കപ്പെട്ട വിമാനത്തിലെ ജീവനക്കാരും യാത്രികരിൽ ചിലരും ഖാർത്തൂമിലെ സൗദി എംബസിയിൽ

ഖാർത്തൂമിൽ കഴിയുന്ന യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും കുടുംബാംഗങ്ങൾക്കും 'സൗദിയ'യുമായി ആശയവിനിമയം നടത്തുന്നതിന് സൗദി അറേബ്യക്ക് അകത്തും പുറത്തും നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളിൽ 8004343333, രാജ്യത്തിന് പുറത്തുനിന്ന് +966126864333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

രാജ്യത്തുനിന്ന് ഖാർത്തൂമിലേക്ക് പോകുന്ന യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ആശയവിനിമയം നടത്താനും സർവീസുകളുടെ കാര്യം ഉറപ്പാക്കാനും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു സൗദി ആസ്ഥാനമായുള്ള മറ്റ് വിമാനക്കമ്പനികളായ ഫ്ലൈനാസ്, ഫ്ലൈഡീൽ എന്നിവ കൂടാതെ എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ കമ്പനികളും സുഡാനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിട്ടുണ്ട്.

Tags:    
News Summary - Saudia plane- shot fired-Services to Sudan suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.