ജിദ്ദ: ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് സന്ദർശനത്തിനും അനുമതി നൽകിത്തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദാ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ചു തുടങ്ങിയത്.
ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ എത്തിത്തുടങ്ങിയതോടെ ജൂൺ 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ എട്ടുവരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തേ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.
നേരത്തേ നിശ്ചയിച്ചിരുന്ന നിയന്ത്രണ കാലാവധി അവസാനിക്കാറായതോടെയാണ് ഞായറാഴ്ച മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങിയത്. കഴിഞ്ഞ സീസണിലേതിന് സമാനമായ രീതിയിൽ രണ്ട് മണിക്കൂർ വീതമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകളാണ് ഓരോ ദിവസവും അനുവദിക്കുന്നത്. മദീനയിലെ റൗദാ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി.
ചൊവ്വാഴ്ച മുതൽ റൗദയിലേക്ക് പ്രവേശനം അനുവദിക്കും. അര മണിക്കൂറാണ് ഒരാൾക്ക് റൗദയിൽ അനുവദിക്കുന്ന സമയം. നുസുക് ആപ്പ് വഴിയാണ് ഉംറക്കും റൗദാ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റ് എടുക്കേണ്ടത്. സന്ദർശന വിസ ഉൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ഉംറക്കും മദീന സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലേക്ക് എത്തിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.