യാംബു: വേനലവധിക്കുശേഷം സൗദി അറേബ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് സുപ്രധാനമായ നാലു നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. സ്കൂൾ ബസുകൾക്കായി കാത്തുനിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഇത് നിർബന്ധമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
1. റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കണം.
2. റോഡിൽനിന്ന് സുരക്ഷിതമായ അകലത്തിലാണ് ബസ് കാത്തിരിക്കേണ്ടത്.
3. ബസ് പൂർണമായും നിർത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കയറുക.
4. ശാന്തമായും ക്ഷമയോടെയും അച്ചടക്കത്തോടെയും ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുക.
വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ട്രാഫിക് വകുപ്പിന് പുറമെ പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും മറ്റു വകുപ്പുകളും ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവധി കഴിഞ്ഞ് സ്കൂളുകളിൽ തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുഗമമായ പഠനാന്തരീക്ഷം ഉണ്ടാക്കാൻ സർക്കാർ എല്ലാവിധ ഒരുക്കവും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.