യാംബു: സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ കത്തിക്കയറി വേനൽ. റിയാദിലും ദമ്മാം മേഖലയിലും കനത്ത ചൂട് തുടരുന്നു. 47 ഉം 48 ഉം ഡിഗ്രി സെൽഷ്യസാണ് ഈ മേഖലകളിൽ ഈ ദിവസങ്ങളിൽ താപനില രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗം പ്രകടമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി. പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കാനും ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്താനും രാജ്യത്തെ മുഴുവൻ ആളുകളോടും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ താപനില ഗണ്യമായി വർധിക്കുമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിൽ പുറം മേഖലയിൽ കഴിയുന്നവർ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനും മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് വേനൽ ചൂട് കനക്കുന്നതിനിടെ തൊഴിലാളികളെകൊണ്ട് പുറംജോലികളെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് നേരത്തേതന്നെ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ വെയിലേൽക്കുന്നില്ലെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണം.
സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12 മുതൽ മുന്നുവരെ പുറംജോലി ചെയ്യുന്നതിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ഇക്കാര്യം പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്ന മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. മധ്യപ്രവിശ്യയിലെ അഫ്ലാജിലും അൽ ഖർജിലും വരും ദിവസങ്ങളിൽ താപനില ഉയരുന്നതോടൊപ്പം ചൂടുകാറ്റും ആഞ്ഞുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജുബൈൽ, അൽ ഖോബാർ, ദമ്മാം, ഖത്വീഫ്, റാസ്തനൂറ, അൽ അഹ്സ, ഖഫ്ജി ഗവർണറേറ്റ് പരിധികളിലെ പലഭാഗങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും വരുംദിവസങ്ങളിൽ താപനില 47 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അസീർ മേഖലയിലെ അബഹ, അഹദ് റുഫൈദ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ മഴക്കും സജീവമായ കാറ്റിനും ദൂരദൃഷ്ടി കുറയുന്നതിനും ഇടിമിന്നലിനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ഈ വർഷം ജൂലൈ കടന്നുപോകുക കനത്ത ചൂടിലൂടെ ആകുമെന്ന് കാലാവസ്ഥ നിരീക്ഷകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.